വിന്നർ സിന്നർ
Thursday, January 23, 2025 12:39 AM IST
മെൽബണ്‍: നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽ.
ഓസ്ട്രേലിയയുടെ അലക്സ് ഡി മ്യുനറിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയ സിന്നർ ഇറ്റലിയുടെ ലോറൻസോ സോനഗോയെ മറികടന്നെത്തിയ യുഎസ്എയുടെ ബെൻ ഷെൽട്ടണെ സെമിയിൽ നേരിടും. 21-ാം സീഡ് ഷെൽട്ടണെ മറികടന്നാൽ നൊവാക് ജോക്കോവിച്ച്- അലക്സാണ്ടർ സ്വരേവ് മത്സരത്തിലെ വിജയിയെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സിന്നർ നേരിടും.
എട്ടാം സീഡ് താരമായ ഡി മ്യുനറിന് ഒരവസരവും നൽകാതിരുന്ന സിന്നർ 6-3, 6-2, 6-1ന് ജയമാഘോഷിച്ചു. ഇതോടെ മ്യുനറിനോട് ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ സിന്നർക്കായി. ഇറ്റലിയുടെ ലോറൻസോ സോനഗോയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ബെൻ ഷെൽട്ടണ്‍ സെമിയിലെത്തിയത്. സ്കോർ: 6-4, 7-5, 4-6, 7-6.
ഇഗ ടെക്നിക്
വനിത സിംഗിൾസിൽ പോളണ്ടിന്റെ രണ്ടാം സീഡ് ഇരുപത്തിമൂന്നുകാരി ഇഗ ഷ്യാങ്ടെക് യുഎസ്എയുടെ എട്ടാം സീഡ് എമ്മ നവരോയെ മറികടന്ന് സെമിയിൽ പ്രവേശിച്ചു. 6-1, 6-2 എന്ന നിലയിൽ ഏകപക്ഷീയമായി മാറിയ പോരാട്ടം പക്ഷെ വിവാദത്തിനും സാക്ഷ്യം വഹിച്ചു.
രണ്ടാം സെറ്റിൽ ഇഗ നേടിയ ഒരു പോയിന്റ് ഇരട്ട-ബൗണ്‍സ് ആണെന്നാണ് വിവാദത്തിന് കാരണം. ചെയർ അന്പയർ ഫൗൾ വിളിക്കാതിരുന്നതോടെ മത്സരം തുടർന്നു. പോയിന്റ് നഷ്ടമായ നവരോ വിഷയം അന്പയറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
യുഎസ്എയുടെ 19-ാം സീഡ് മാഡിസൻ കീസ് യുക്രെയിനിന്റെ എലിന സ്വിറ്റോലിനയെ മറികടന്ന് സെമിയിൽ പ്രവേശിച്ചു. സ്കോർ: 3-6, 6-3, 6-4. മാഡിസൻ കീസ് ആണ് സെമിയിൽ ഇഗയുടെ എതിരാളി. രണ്ടാം സെമിയിൽ ഒന്നാം നന്പർ അരീന സബലെങ്ക- പൗല ബഡോസയെ നേരിടും.