“ക്യാന്പിൽ പങ്കെടുക്കാതെ കേരള ടീമിൽ എത്തിയവർ ഉണ്ട് ”
Wednesday, January 22, 2025 1:16 AM IST
കോട്ടയം: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന്റെ പിതാവ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) എതിരേ.
ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് സഞ്ജുവിന്റെ പിതാവ് വിശ്വനാഥൻ കെസിഎയെ കുറ്റപ്പെടുത്തിയത്.
ക്യാന്പിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ കെസിഎ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. വിജയ് ഹസാരെയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ സഞ്ജുവിന് ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാമായിരുന്നു.
“കെസിഎയ്ക്കെതിരേ ആദ്യമായാണ് പ്രതികരിക്കേണ്ടിവരുന്നത്. ഇത്തരത്തിൽ പ്രതികരിക്കേണ്ടിവന്നതിൽ ദുഃഖമുണ്ട്. കെസിഎയിലെ ചിലർക്കു സഞ്ജുവിനോട് അനിഷ്ടമുള്ളതായാണ് തോന്നുന്നത്. ക്യാന്പിൽ പങ്കെടുക്കാതെ കേരളത്തിന്റെ വിജയ് ഹസാരെ ടീമിൽ ഉൾപ്പെട്ടവരുണ്ട്. അതെങ്ങനെ സംഭവിച്ചു”- വിശ്വനാഥൻ ചോദിച്ചു.
കെസിഎ പ്രസിഡന്റ് ജയേഷ് ജോർജോ സെക്രട്ടറി വിനോദ് എസ്. കുമാറോ അല്ല പ്രശ്നക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.