അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു രണ്ടാം ജയം
Wednesday, January 22, 2025 1:16 AM IST
ക്വാലാലംപുർ: ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് എയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഒന്‍പതു വിക്കറ്റിനു കീഴടക്കിയ ഇന്ത്യ, ഇന്നലെ ആതിഥേയരായ മലേഷ്യയെ 10 വിക്കറ്റിനു തകർത്തു.
രണ്ടു മത്സരത്തിലും എതിരാളികളെ 50 റണ്‍സ് കടക്കാൻ ഇന്ത്യൻ പെണ്‍കൊടികൾ അനുവദിച്ചില്ലെന്നതും ശ്രദ്ധേയം. വിൻഡീസിനെ 44 റണ്‍സിനു പുറത്താക്കിയ ഇന്ത്യ, മലേഷ്യയെ 31നു പുറത്താക്കി. തുടർന്ന് വെറും 17 പന്തിൽ വിക്കറ്റ് നഷ്ടമില്ലാതെ ജയം സ്വന്തമാക്കുകയും ചെയ്തു. സ്കോർ: മലേഷ്യ 14.3 ഓവറിൽ 31. ഇന്ത്യ 2.5 ഓവറിൽ 32/0.
ഹാട്രിക് വൈഷ്ണവി
ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം ജയത്തിലൂടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മലേഷ്യക്കെതിരേ ടോസ് നേടിയ ഇന്ത്യൻ കുമാരിമാർ ബൗളിംഗ് തെരഞ്ഞെടുത്തു. വിൻഡീസിനെതിരേ പ്ലെയർ ഓഫ് ദ മാച്ച് ആയ മലയാളി മീഡിയം പേസർ വി.ജെ. ജോഷിതയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ബൗളിംഗ് ആക്രമണം. രണ്ടാം ഓവർ എറിയാനെത്തിയ ജോഷിത മലേഷ്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി.
തുടർന്ന് വൈഷ്ണവി ശർമയും ആയുഷി ശുക്ലയും ചേർന്ന് മലേഷ്യയെ നിലംപരിശാക്കി. നാല് ഓവറിൽ അഞ്ചു റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവിയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഹാട്രിക്ക് ഉൾപ്പെടെയാണ് അരങ്ങേറ്റക്കാരിയായ വൈഷ്ണവിയുടെ അഞ്ചു വിക്കറ്റ് നേട്ടം. ആയുഷി 3.3 ഓവറിൽ എട്ടു റണ്‍സിനു മൂന്നു വിക്കറ്റ് സ്വന്തമാക്കി. രണ്ട് ഓവറിൽ അഞ്ചു റണ്‍സിന് ജോഷിത ഒരു വിക്കറ്റ് നേടി.
ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ഗോങ്കടി തൃഷയും (12 പന്തിൽ 27) ജി. കമാലിനിയും (5 പന്തിൽ 4) പുറത്താകാതെ ടീമിനെ ജയത്തിലെത്തിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ശ്രീലങ്ക 81 റണ്‍സിനു വെസ്റ്റ് ഇൻഡീസിനെ കീഴടക്കി. ലങ്കയുടെ രണ്ടാം ജയമാണ്. വെള്ളിയാഴ്ചയാണ് ഇന്ത്യ x ശ്രീലങ്ക പോരാട്ടം.