മക്കല്ലത്തിന്റെ വെളുത്ത തന്ത്രം
Wednesday, January 22, 2025 1:16 AM IST
കോൽക്കത്ത: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീം പരിശീലകനായി ബ്രണ്ടൻ മക്കല്ലം ചുമതലയേറ്റശേഷമുള്ള ആദ്യ പരന്പരയാണ് ഇന്നു മുതൽ ആരംഭിക്കുന്നത്.
ന്യൂസിലൻഡ് മുൻതാരമായ മക്കല്ലം 2022 മുതൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം പരിശീലകനായിരുന്നു. വൈറ്റ് ബോൾ ഹെഡ് കോച്ചായുള്ള മക്കല്ലം കാലത്തിനാണ് ഇന്നു കോൽക്കത്തയിൽ തുടക്കമാകുന്നത്.
2025 ജനുവരി മുതൽ മക്കല്ലം ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി-20 ടീം പരിശീലകൻകൂടിയാകുമെന്ന് 2024 സെപ്റ്റംബറിലാണ് ഇസിബി (ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ്) അറിയിച്ചത്.
ബാസ്ബോൾ ക്രിക്കറ്റിലൂടെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് അടിമുടി മാറ്റിയാണ് മക്കല്ലം നിശ്ചിത ഓവർ ടീമിന്റെ ചുമതലകൂടി ഏറ്റെടുക്കുന്നതെന്നതാണ് ശ്രദ്ധേയം. ഇന്ത്യക്കെതിരായ ആദ്യ ട്വന്റി-20ക്കുള്ള ടീമിനെ ഇംഗ്ലണ്ട് ഇന്നലത്തന്നെ പ്രഖ്യാപിച്ചു.
ഒന്നാം ട്വന്റി-20ക്കുള്ള ഇംഗ്ലണ്ട് ടീം: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടണ്, ഗസ് അറ്റ്കിൻസണ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്.