രോഹിത് -കോഹ്ലി യുഗാന്ത്യം?
Sunday, January 12, 2025 12:39 AM IST
ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരന്പരയ്ക്കു മുന്‍പ് സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഇല്ലാത്തൊരു ഇന്ത്യൻ ടീം ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
2023 ഏകദിന ലോകകപ്പിൽ ഫൈനൽ വരെ തോൽവിയറിയാതെ ഇന്ത്യ കുതിച്ചതിനു പിന്നിൽ ഇരുവരുടെയും പോരാട്ടവീര്യമുണ്ടായിരുന്നു. ടൂർണമെന്റിലെ റൺ വേട്ടയിൽ കോഹ് ലി (765) ഒന്നാമതും രോഹിത് (597) രണ്ടാം സ്ഥാനത്തുമായിരുന്നു.
2024 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തിലും രോഹിത്-കോഹ്ലി അച്ചുതണ്ട് നിർണായകമായിരുന്നു. കൂടുതൽ റണ്‍സ് നേടിയവരിൽ രോഹിത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോഹ്ലി ഫൈനലിൽ ടോപ് സ്കോററായി. ഈ ജയത്തോടെ ഇരുവരും രാജ്യാന്തര ട്വന്റി 20യിൽനിന്ന് വിരമിക്കുകയും ചെയ്തു.
മികവ് നഷ്ടപ്പെട്ടു
ഇതിനുശേഷം രണ്ടുപേരുടെയും ബാറ്റിംഗ് താളംതെറ്റിയ നിലയിലേക്കു പതിച്ചു. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യയുടെ 3-0 തോൽവിക്ക് ക്യാപ്റ്റൻസി പിഴവുകളും കാരണമായതായി രോഹിത് സമ്മതിച്ചു. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മുന്നിൽ നിന്നു നയിക്കുമെന്നു കരുതിയെങ്കിലും പിഴവുകൾ ആവർത്തിച്ച് നിസാര റൺസിനു പുറത്താവുകയായിരുന്നു ഇരുവരും.
കോഹ്ലി ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയെങ്കിലും തുടർന്നുള്ള ഇന്നിംഗ്സുകളിലെല്ലാം ഓഫ് സ്റ്റന്പിനു പുറത്ത് ഓസീസ് ബൗളർമാർ ഒരുക്കിയ കെണിയിൽ പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ രോഹിതിനാകട്ടെ, കളിച്ച മൂന്നു ടെസ്റ്റിലും കാര്യമായ സംഭാവന ഒന്നും ചെയ്യാനായില്ല. രോഹിതിന് 37 വയസായി. കോഹ്ലിയാകട്ടെ ഒരു വയസ് പിന്നിലും. ഇരുവർക്കും എത്രകാലം കരിയർ അവശേഷിക്കുന്നുണ്ടെന്ന കാര്യത്തിൽ സെലക്ടർമാരും ആലോചനയിലാണ്.
ടീം തെരഞ്ഞെടുപ്പിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്: 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ വരെ എത്തിച്ച രണ്ടു സൂപ്പർ താരങ്ങളെയും നിലനിർത്തണോ അതോ സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത് ചാന്പ്യൻസ് ട്രോഫിയിലൂടെ പുതിയൊരു സംഘത്തെ രൂപപ്പെടുത്തുന്നതിന് ശ്രമം തുടങ്ങണമോ?
ഗംഭീർ കയ്യൊഴിഞ്ഞു
കഴിഞ്ഞ ഓഗസ്റ്റിൽ ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോൾ, ശ്രീലങ്കയിലെ ഏകദിന പരന്പരയ്ക്കു മുന്‍പ് രോഹിതിലും കോഹ്ലിയിലും ഇനിയും നിലവാരമുള്ള ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഓസ്ട്രേലിയൻ പര്യടനത്തിനും ചാന്പ്യൻസ് ട്രോഫിയിലും ഇരുവരും വേണ്ടത്ര പ്രചോദനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. ഫിറ്റ്നസ് നിലനിൽക്കുകയാണെങ്കിൽ അവർക്ക് 2027 ഏകദിന ലോകകപ്പ് കളിക്കാനാകും. ഇപ്പോഴും വലിയ സംഭാവന നല്കാൻ കഴിയുമെന്ന താരങ്ങളാണെന്നും ഗംഭീർ പറഞ്ഞിരുന്നു.
എന്നാൽ, ഓസ്ട്രേലിയയിൽ 3-1 തോൽവിക്കു ശേഷം ഗംഭീർ നിലപാട് മാറ്റി. ഓസ്ട്രേലിയയിൽ ഇരുവരുടെയും ബാറ്റിംഗ് ശരാശരി (കോഹ്ലി- 23.75, രോഹിത് - 6.2) മോശമായപ്പോൾ അവരുടെ ഭാവി തീരുമാനിക്കേണ്ടത് അവർതന്നെയാണെന്ന് ഗംഭീർ തിരുത്തുകയായിരുന്നു.
ഇവരെ മാറ്റിയാൽ
രണ്ടു താരങ്ങളുടെയും ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ഇനിയും ചർച്ചകൾ ഉയരും. കഴിഞ്ഞ വർഷം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ 2025 ചാന്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് തയാറാക്കിയ പട്ടികയിൽ രോഹിതും കോഹ്ലിയും ഭാഗമായിരുന്നു.
2023 ഏകദിന ലോകകപ്പിൽ രോഹിത്തിനൊപ്പം വിജയകരമായ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കിയ ശുഭ്മാൻ ഗില്ലും ചേരുന്പോൾ ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനങ്ങൾ സുരക്ഷിതമായിരുന്നു. ഇതിനൊപ്പം ടെസ്റ്റിലും ട്വന്റി 20യിലും മികവുപുലർത്തുന്ന യശസ്വി ജയ്സ്വാളുമുണ്ട്. ഇതുവരെ ഏകദിന ടീമിന്റെ ഭാഗമായിട്ടില്ലാത്ത ജയ്സ്വാളിനെ ഇടംകൈ ബാറ്റിംഗ് ഓപ്ഷനായി ഉൾപ്പെടുത്താനാകും. മൂന്നാം ഓപ്പണറായി ജയ്സ്വാൾ വന്നാൽ രോഹിത്-ഗിൽ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചെഴുതേണ്ടിവരും. 72.16 ആണ് രോഹിത്-ഗിൽ കൂട്ടുകെട്ടിന്റെ ശരാശരി.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് മോശമാണ്. എന്നാൽ ഒരുമാസം മുന്‍പ് ശ്രീലങ്കയിൽ നടന്ന ഏകദിന പരന്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമായിരുന്നു രോഹിത്.
ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളിൽ 58, 64, 35 റണ്‍സ് നേടി. ശ്രീലങ്കയിൽ കോഹ്ലിയുടെ സ്കോറുകൾ 24, 14, 20 എന്നിങ്ങനെയായിരുന്നു. ഏകദിനമാണ് കോഹ് ലിയുടെ ഏറ്റവും മികച്ച ഫോർമാറ്റ്. കോഹ്ലിയും രോഹിത്തും ഇല്ലാത്തൊരു ഏകദിന ബാറ്റിംഗ് നിര വേണ്ടത്ര ആഴമില്ലാത്ത ഒന്നാകുമെന്നതിൽ തർക്കമില്ല.
രണ്ടുതാരങ്ങളെയും മാറ്റിനിർത്തുകയെന്ന തിടുക്കപ്പെട്ട തീരുമാനം എടുക്കുന്നതിനു മുന്‍പ് സെലക്ടമാർക്കും ഗംഭീറിനും കഴിഞ്ഞ ടി 20 ലോകകപ്പിലെ കാര്യങ്ങൾ ചിന്തിക്കേണ്ടതായുണ്ട്.
2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി കോഹ്ലി ഇലവനിൽ ഇടംപിടിക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. രോഹിത്, അന്നത്തെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, സെലക്ടർമാർ എന്നിവരുൾപ്പെടെയുള്ളവർ വലിയ ടൂർണമെന്റുകളിൽ അദ്ദേഹത്തിന്റെ അനുഭവപരിചയം നിർണായകമാണെന്ന് സമ്മതിച്ചു. ഈ തീരുമാനം ശരിയായിരുന്നുവെന്ന് ലോകകപ്പ് ഫൈനൽ തെളിയിക്കുകയും ചെയ്തു.