തീരുവ പ്രഖ്യാപനം വിപണികളിൽ ഇടിവ്
Friday, April 4, 2025 12:56 AM IST
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബദൽ തീരുവ നടപടികൾ നിലവിൽവന്ന ഇന്നലെ ഇന്ത്യയിൽ ഓഹരി വിപണികളിൽ ഇടിവ്. ട്രംപിൽനിന്ന് പ്രതീക്ഷിച്ചതിലും ഉയർന്ന തീരുവ പ്രഖ്യാപനത്തെത്തുർടർന്ന് ആഗോള വിപണികളിലെ തകർച്ച ഇന്ത്യയിലുമെത്തി.
ഇന്ത്യക്കെതിരേ യുഎസ്എ 26 ശതമാനം ബദൽ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഐടി, ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളുടെ വൻ തോതിലുള്ള വിറ്റഴിക്കൽ നടന്നു. ഇതോടെ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും ഇന്നലെ തകർച്ചയെ നേരിട്ടു. ബാങ്കിംഗ്, ഫാർമസ്യൂട്ടിക്കൽ എന്നിവയുടെ ഓഹരികളിലുണ്ടായ നേട്ടമാണ് ഇന്ത്യൻ വിപണിയെ വൻ തകർച്ചയിൽനിന്നു രക്ഷിച്ചത്.
സെൻസെക്സ് 322.08 പോയിന്റ് (0.42%) താഴ്ന്ന് 76,295.36ലെത്തി. വ്യാപാരത്തിനിടെ സെൻസെക്സ് 809.89 പോയിന്റ് അഥവാ 1.05 ശതമാനം ഇടിഞ്ഞ് 75,807.55 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 82.25 പോയിന്റ് (0.35%) നഷ്ടത്തിൽ 23,250.10ൽ ക്ലോസ് ചെയ്തു.
തുടക്കത്തിലെ വ്യാപാരത്തിൽ സൂചിക 186.55 പോയിന്റ് അഥവാ 0.79 ശതമാനം ഇടിഞ്ഞ് 23,145.80 എന്ന താഴ്ന്ന നിലയിലെത്തി. പിന്നീട് ചില ഓഹരികളിലുണ്ടായ നേട്ടം നഷ്ടങ്ങൾ പരിഹരിച്ചു.
മുൻനിര സൂചികകളിൽ തകർച്ചയുണ്ടായിട്ടും വിശാലമായ വിപണി മികച്ച പ്രകടനം കാഴ്ചവച്ചു, നിഫ്റ്റി മിഡ്ക്യാപ് 100, സ്മോൾക്യാപ് 100 സൂചികകൾ ഉയർന്നു. മിഡ്കാപ് 0.21 ശതമാനം നേട്ടത്തിലും സ്മോൾകാപ് 0.58 ശതമാനത്തിലുമാണ് ക്ലോസ് ചെയ്തത്.
ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, കൊട്ടാക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നിവയാണ് പ്രധാനമായും തകർച്ച നേരിട്ടവർ.
ഐടി ഓഹരികൾക്ക് വൻ അടി
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തോട് നിക്ഷേപകർ പ്രതികരിച്ചതിനെത്തുടർന്ന്, നിഫ്റ്റി ഐടി സൂചിക 4 ശതമാനം ഇടിഞ്ഞു, മേഖലാ സൂചികകളിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടതും ഐടിയാണ്.
ഐടി ഭീമന്മാരായ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവരാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടവർ. ഐടി കന്പനികൾക്ക് വരുമാനത്തിൽ ഹ്രസ്വകാല പ്രത്യാഘാതം പ്രതീക്ഷിക്കുന്നതായി വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കെമിക്കൽ ഓഹരികളും സമ്മർദത്തിൽ
ഇന്ത്യക്ക് മേൽ യുഎസ് 26 ശതമാനം ബദൽ താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ആഭ്യന്തര കെമിക്കൽ നിർമാതാക്കളുടെ ഓഹരികൾക്കും തിരിച്ചടി നേരിട്ടു. ഈ നീക്കം ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുകയും ലാഭവിഹിതം കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഈ മേഖല 3.5 ശതമാനം ഇറക്കുമതി തീരുവ അടച്ചിരുന്നു. പെട്ടെന്നുള്ള തീരുവ ഉയർത്തൽ കയറ്റുമതിക്കാർക്ക് ഒരു പ്രധാന വെല്ലുവിളിയായി മാറുന്നു.
ഫാർമയിൽ നേട്ടം
വൈറ്റ് ഹൗസ് ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളെ താരിഫ് വർധനവിൽ നിന്ന് ഒഴിവാക്കിയതിനു ശേഷം ഫാർമസ്യൂട്ടിക്കൽ ഓഹരികൾ തിളക്കമാർന്ന നേട്ടം കൈവരിച്ചു. 2.25 ശതമാനമാണ് നിഫ്റ്റി ഫാർമ സൂചിക ഉയർന്നത്. ഐപിസിഎ ലാബ്സ്, ലുപിൻ, നാറ്റ്കോ ഫാർമ, സണ്‍ ഫാർമ, സിപ്ല എന്നീ ഓഹരികൾ മികവ് പുലർത്തി. ഇവയുടെ ഓഹരികൾ 5 ശതമാനം വരെ ഉയർന്നു.
യുഎസുമായി ഏറ്റവും കൂടുതൽ സന്പർക്കമുള്ള മേഖലകളിൽ ഇന്ത്യൻ വസ്ത്ര മേഖലയും ഉൾപ്പെട്ടതിനാൽ ടെക്സ്റ്റൈൽ ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. പുതിയ തീരുവകൾ ഇന്ത്യൻ കയറ്റുമതിയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുമെന്ന പ്രതീക്ഷയിലാണ് നേട്ടമുണ്ടാക്കിയത്.
യുഎസ് മാർക്കറ്റുകളിൽ വൻ ഇടിവ്
പ്രസിഡന്റ് ട്രംപിന്റെ തീരുവ പ്രഖ്യാപിച്ചതിനെത്തുടർന്ന് യുഎസ് ഓഹരി വിപണി തുടക്കത്തിലെ ചാഞ്ചാട്ടത്തിനുശേഷം തകർച്ചയിലേക്ക്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ഡൗ ജോണ്‍സ്, എസ് ആൻഡ് പി 500, നാസ്ദാക് 100 സൂചികകൾ തകർച്ചയിലായിരുന്നു. ഡൗ ജോണ്‍സിൽ ഇടിവ് തുടർന്നപ്പോൾ എസ് ആൻഡ് പി, നസ്ദാക് സൂചികകൾ നേട്ടത്തിലെത്തി. പിന്നീട് ഡൗ ജോൺസിനൊപ്പമായി മറ്റ് സൂചികകളും.
ടെക് ഭീമന്മാരുടെ ഓഹരി സൂചികകയായ നാസ്ദാക് നാലു ശതമാനത്തിനു മുകളിലും എസ്ആൻഡ്പി മൂന്നു ശതമാനത്തോളവും താഴ്ന്നു. റീട്ടെയിൽ മുതൽ വലിയ ടെക് കന്പനികൾ വരെയുള്ള ഒന്നിലധികം മേഖലകളിലെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ആപ്പിൾ കന്പനിയുടെ ഓഹരികൾ ഏഴു ശതമാനത്തോളം നഷ്ടത്തിലായി. ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ ഓഹരികളും നഷ്ടത്തിലാണ്.
ബുധനാഴ്ച ഡൗ ജോണ്‍സ്, എസ്ആൻഡ് പി 500, നാസ്ദാക് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്പിലും ഏഷ്യയിലും നഷ്ടദിനം
ജർമനിയുടെ ഡിഎഎക്സ് 2.55 ശതമാനവും യുകെയുടെ എഫ്ടിഎസ്ഇ 100 1.43 ശതമാനവുമാണ് ഇടിഞ്ഞത്. ഫ്രാൻസിന്റെ സിഎസി 40 ഏകദേശം മൂന്നു ശതമാനത്തിനടുത്താണ് ദുർബലമായത്.
യൂറോപ്യൻ യൂണിയന് ഇറക്കുമതിയിൽ 20 ശതമാനം ബദൽ തീരുവയാണ് ട്രംപ് ഏർപ്പെടുത്തിയിരുന്നത്. ഏഷ്യൻ വിപണികളിലും ഇന്നലെ വലിയ തകർച്ചയാണുണ്ടായത് ജപ്പാന്റെ നിക്കീ 2.7 ശതമാനവും ഹോങ്കോങിന്റെ ഹാങ് സെങ് സൂചിക 1.52 ശതമാനവുമാണ് ഇടിഞ്ഞത്.