ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചു
Saturday, March 29, 2025 11:35 PM IST
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ വകുപ്പിന്റെയും യുഎസ് വ്യാപാര ഓഫീസിന്റെയും പ്രതിനിധികൾ ഈ മാസം 26 ന് ന്യൂഡൽഹിയിൽ ആരംഭിച്ച നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നലെ സമാപിച്ചു.
ഫെബ്രുവരി 13ന് ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവനയിൽ 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് ന്യൂഡൽഹിയിൽ ചർച്ചകൾ നടന്നത്.
ന്യൂഡൽഹിയിൽ നടന്ന നാല് ദിവസത്തെ ചർച്ചയിൽ പരസ്പരം ഗുണകരമായ ബഹുമേഖല ഉഭയകക്ഷി വ്യാപാരക്കരാറിന് ആവശ്യമായ അടുത്ത നടപടികളെക്കുറിച്ച് ധാരണയായി.
നീതി, ദേശസുരക്ഷ, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള വളർച്ചയ്ക്ക് വഴിതെളിക്കുകയെന്ന ഇരുരാജ്യങ്ങളുടെയും പൊതുതാല്പര്യത്തെ മുൻനിർത്തിയായിരുന്നു ചർച്ച. ബഹുമേഖല ഉഭയകക്ഷി വ്യാപാരകരാറിന്റെ ആദ്യ ഘട്ടം ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാകും. നിലവിലുള്ള 190 ബില്യൺ ഡോളറിൽനിന്ന് 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
വിവിധ മേഖലകളിലെ വിദഗ്ധർ തമ്മിലുള്ള ചർച്ചകൾ വരും ആഴ്ചകളിൽ വെർച്വൽ ആയി നടക്കും. ഇതിന്റെ തുടർച്ചയായി, നേരിട്ടുള്ള കൂടിയാലോചനകളുടെ ആദ്യഘട്ടം ഉണ്ടാവുമെന്നു കരുതപ്പെടുന്നു.
അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലകളെ സംബന്ധിച്ചുള്ള ഫലപ്രദമായ ചർച്ചകളും നടന്നുവെന്നാണു വിവരം. വിപണിപ്രവേശനത്തിനുള്ള അവസരങ്ങൾ വിപുലമാക്കുക, ചുങ്കം വെട്ടിച്ചുരുക്കുക, ചുങ്കത്തിന് പുറമെയുള്ള തടസങ്ങൾ നീക്കുക, വിതരണ ശൃംഖല സംയോജനം വർധിപ്പിക്കുക എന്നിവയാണ് ഈ മേഖലകൾ.
മാർച്ച് 4 മുതൽ 6 വരെ വാഷിംഗ്ടണ്‍ ഡിസിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ന്യൂഡൽഹിയിൽ യോഗം നടക്കുന്നത്. ഈ സമയത്ത് അദ്ദേഹം യുഎസ് മന്ത്രാലയത്തിലെ വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറിമായും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തുകയും ഇരുവരുമായി വീഡിയോ കോണ്‍ഫറൻസുകളിലൂടെ സംവദിക്കുകയും ചെയ്തു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലെ പുരോഗതിയാണ് ചർച്ചകളുടെ വിജയകരമായ സമാപനം വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും വികസനം, സുരക്ഷ, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിന്റെ ഫലങ്ങളിൽ ഇന്ത്യയും അമേരിക്കയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.