രജിസ്ട്രേഷൻ കണക്കുകളിൽ പൊരുത്തക്കേട്; ഒലയ്ക്കെതിരേ അന്വേഷണം
Thursday, March 20, 2025 11:01 PM IST
ന്യൂഡൽഹി: ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന, വാഹന രജിസ്ട്രേഷൻ കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേക്കുറിച്ച് വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ട് ഘന വ്യവസായ മന്ത്രാലയം രണ്ടാമത്തെ കത്ത് അയയ്ക്കാൻ പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്തയാഴ്ച മന്ത്രാലയം കന്പനിക്ക് കത്തയയ്ക്കുമെന്നാണ് വിവരങ്ങൾ. റിപ്പോർട്ട് ചെയ്യപ്പെട്ട പൊരുത്തക്കേടിനെക്കുറിച്ച് വിശദീകരണം തേടി ഘന വ്യവസായ മന്ത്രാലയം നേരത്തേ കന്പനിക്ക് കത്തെഴുതിയിരുന്നു.
ഒല ഇലക്ട്രിക്കിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ 25,000 ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പന നടന്നു. എന്നാൽ, ഇക്കാലത്ത് സർക്കാരിന്റെ വാഹൻ പോർട്ടലിൽ 8,600 വാഹനങ്ങളുടെ രജിസ്ട്രേഷൻ മാത്രമേ നടന്നിട്ടുള്ളൂ.
നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, മഹാരാഷ്ട്ര റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള ഒല ഇലക്ട്രിക് ഷോറൂമുകളിൽ പരിശോധന നടത്തി.
പരിശോധനയ്ക്കിടെ, വാഹനങ്ങൾക്ക് ശരിയായ രേഖകൾ ഉണ്ടോയെന്നും സാധുവായ ട്രേഡ് സർട്ടിഫിക്കറ്റുകൾ പ്രകാരമാണോ വിൽപ്പന നടക്കുന്നതെന്നും ആർടിഒ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഈ പരിശോധനകൾക്ക് ശേഷം, മുംബൈയിലും പൂനയിലുമായി നിയമ, ചട്ട ലംഘനങ്ങൾ കണ്ടെത്തിയ 36 സ്കൂട്ടുറുകൾ പിടിച്ചെടുത്തു.
പഞ്ചാബിൽ 11 ഓല ഇലക്ട്രിക് സ്റ്റോറുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയ്ക്കു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിരവധി സ്റ്റോറുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ആദ്യമല്ല കന്പനി നിയമ, ചട്ടലംഘനങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഈ വർഷമാദ്യം വെളിപ്പെടുത്തലിൽ ഉണ്ടായ വീഴ്ചകളെക്കുറിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കന്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇലക്ട്രിക് സ്കൂട്ടർ രജിസ്ട്രേഷനിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് പരിശോധനകളെത്തുടർന്ന് ഒല ഇലക്ട്രിക്കിന്റെ ഓഹരികൾക്ക് ഇന്നലെ വൻ ഇടിവ് നേരിട്ടു. 3.97 ശതമാനം ഇടിഞ്ഞ് ഓഹരികൾ 2.14 പോയിന്റ് നഷ്ടത്തിൽ 51.71 രൂപയിലാണ് ക്ലോസ് ചെയ്തത്.