ഇന്ത്യൻ വിപണികൾ ചുവപ്പിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 17, 2025 1:27 AM IST
യുഎസ്, യുറോപ്യൻ മാർക്കറ്റുകൾക്ക് ഒപ്പം ഏഷ്യയിലെ മുൻ നിര ഓഹരി വിപണികളും വാരാന്ത്യം നേട്ടത്തിലേക്ക് തിരിഞ്ഞെങ്കിലും അവർക്കൊപ്പം അണിചേരാൻ ഇന്ത്യൻ ഇൻഡക്സുകൾക്കായില്ല. ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനം തൊട്ട് മുൻവാരം കാഴ്ചവച്ച സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞവാരം കാലിടറി.
വിദേശ ഓപ്പറേറ്റർമാരുടെ മനംമാറ്റത്തിന് കാലതാമസം നേരിടുമെന്ന അവസ്ഥ തിരിച്ചടിയായി. ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും അവർ വിൽപ്പനക്കാരായി നിലകൊണ്ടതിനാൽ സെൻസെക്സ് 511 പോയിന്റും നിഫ്റ്റി സൂചിക 147 പോയിന്റും കുറഞ്ഞു. ഹോളി മൂലം വെള്ളിയാഴ്ച വിപണി പ്രവർത്തിച്ചില്ല.
യുഎസ് ഫെഡറൽ റിസർവ് പണനയ അവലോകനത്തിനായി വാരമധ്യം ഒത്തുചേരും. സാന്പത്തിക മേഖലയുടെ എല്ലാ കണ്ണുകളും അവരുടെ പുതിയ വിലയിരുത്തലിനായി കാതോർക്കുകയാണ്. വ്യാപാര സംഘർഷ സാഹചര്യത്തിൽ ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കുമോയെന്ന കാര്യത്തിലെ അനിശ്ചിതത്വം നിലനിൽക്കുന്നു. വാരമധ്യം ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും വ്യത്യസ്ത യോഗം ചേരുന്നുണ്ട്.
വിപണിക്ക് മുന്നേറാനുള്ള അവസരം നൽകാത്തവിധം മുൻനിര, രണ്ടാം നിര ഓഹരികളിൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. എന്നാൽ പല അവസരങ്ങളിലും അവരുടെ വിൽപ്പനത്തോത് കുറഞ്ഞത് ഒരു പരിധി വരെ കൂടുതൽ തകർച്ചയിൽ നീങ്ങാനുള്ള സാധ്യതകളെ തടയാൻ ഉപകരിച്ചു. ഏകദേശം 5500 കോടി രൂപയുടെ വിൽപ്പന വിദേശ ഫണ്ടുകൾ നടത്തിയപ്പോൾ അതേ നാണയത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തിരിച്ചടിച്ചത് നിഫ്റ്റിക്ക് താങ്ങ് സമ്മാനിച്ചിട്ടും വാരാന്ത്യം 22,400ലെ സപ്പോർട്ട് നിലനിർത്താനായില്ല.
മുൻവാരം വ്യക്തമാക്കിതുപോലെ ഡെയ്ലി ചാർട്ടിൽ നിഫ്റ്റിയെ ബാധിച്ച ദുർബലാവസ്ഥയിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നത് ശരിവച്ചു, പിന്നിട്ട ദിവസങ്ങളിലെ തളർച്ച. മുൻവാരം 22,552 പോയിന്റിൽ ക്ലോസിംഗ് നടന്നപ്പോൾ തന്നെ സൂചിപ്പിച്ചതാണ് 22,589ന് മുകളിൽ ഇടം കണ്ടെത്താനാവാത്തത് ദുർബലാവസ്ഥയെന്ന്. നിഫ്റ്റി 22,668 വരെ കയറിയ ശേഷം 22,336ലേക്ക് ഇടിഞ്ഞെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ അല്പം മികവ് കാണിച്ച് സൂചിക 22,397 പോയിന്റിലാണ്.
ഈവാരം 22,266 ലെ ആദ്യ താങ്ങ് നിലനിർത്തിയാൽ 22,598ലേക്ക് തിരിച്ചുവരവ് നടത്താം. എന്നാൽ 22,643ലെ പ്രതിരോധം തകർക്കാൻ വിപണി അൽപ്പം വിയർപ്പൊഴുക്കേണ്ടി വരാം. ഇത് മറികടന്നാൽ സൂചിക 22,799 വരെ ഉയരാനുള്ള കരുത്ത് കണ്ടെത്താം. എന്നാൽ, ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 22,135ലേക്ക് തളരും. മുൻ ലക്കം വ്യക്തമാക്കിതാണ് റിക്കാർഡ് നിലവാരത്തിൽനിന്നുള്ള തകർച്ച കണക്കിലെടുത്താൽ തിരിച്ചുവരവിന് കാലതാമസം നേരിടുമെന്നത്. സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലും പാരാബോളിക്ക് എസ്എആർ ബുള്ളിഷുമാണ്. എന്നാൽ, മറ്റ് പല ഇൻഡിക്കേറ്ററുകളും ന്യൂട്രൽ റേഞ്ചിലാണ്. എംഎസിഡിയെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല.
നിഫ്റ്റി മാർച്ച് ഫ്യൂച്ചർ 22,444ലാണ്. പിന്നിട്ടവാരം അൽപ്പം താഴ്ന്നതിനിടയിൽ നിഫ്റ്റി ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററെസ്റ്റ് ഒരു ശതമാനം മികവ് രേഖപ്പെടുത്തി 203 ലക്ഷം കരാറുകളായി ഉയർന്നു. വിൽപ്പനക്കാർക്ക് മുൻതൂക്കം നൽകുന്ന അവസ്ഥയിൽ 22,750ലെ പ്രതിരോധം മറികടക്കാനായില്ല. നിലവിൽ 20 ദിവസത്തെ ശരാശരിക്ക് താഴെ നിലകൊള്ളുന്നതും ബുൾ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം ചേർത്തും. നിലവിലെ സ്ഥിതിയിൽ 21,825 റേഞ്ചിൽ പരീക്ഷണങ്ങൾ നടത്താം. അനുകൂല വാർത്തകൾക്ക് 22,750ലേക്ക് ഉയർത്താനാവും.
ബോംബെ സൂചിക 74,332 പോയിന്റിൽനിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 74,707ലേക്ക് ഉയർന്ന അവസരത്തിലെ വിൽപ്പന സമ്മർദത്തിൽ 73,624 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 73,828 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 73,399-72,970ൽ താങ്ങുണ്ട്, വിപണി മുന്നേറാൻ ശ്രമം നടത്തിയാൽ സൂചികയ്ക്ക് 74,482ലും 75,136 പോയിന്റിലും പ്രതിരോധം തലയുയർത്താം.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപ 86.88ൽനിന്നും ഒരവസരത്തിൽ 87.67ലേക്ക് ദുർബലമായശേഷം 86.37ലേക്ക് കരുന്ന് കാണിച്ചെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 86.92ലാണ്.
ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞവാരം 5497 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ വിദേശ ഇടപാടുകാർ 5727 കോടി രൂപയുടെ ഓഹരികൾ വിറ്റു. മാസത്തിന്റെ ആദ്യ പകുതിയിൽ വിദേശ നിക്ഷേപകർ 30,000 കോടി രൂപ പിൻവലിച്ചു. ഫെബ്രുവരിയിൽ ഫോർട്ട് ഫോളിയോ നിക്ഷേപകർ 34,574 കോടി രൂപയും ജനുവരിയിൽ 78,027 കോടി രൂപയും തിരിച്ചുപിടിച്ചിരുന്നു.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് ചരിത്രത്തിൽ ആദ്യമായി 3000 ഡോളറിലേക്ക് ഉയർന്നു. വില ഈ നിലവാരത്തിലേക്ക് ഉയരുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണ്. 2890 ഡോളറിൽ നിന്നുള്ള കുതിപ്പിൽ 3004 ഡോളർ വരെ ഉയർന്ന ശേഷം 2984 ഡോളറിലാണ്. ബുൾ ഇടപാടുകാരുടെ ശക്തമായ സ്വാധീനം കണക്കിലെടുത്താൽ പുതിയ തലങ്ങളിലേക്ക് വീണ്ടും സഞ്ചരിക്കാമെങ്കിലും ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പ് തുടരും.