കെവൈസി രേഖകൾ; ബാങ്കുകൾ അനാവശ്യ വിളികൾ ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ
Tuesday, March 18, 2025 11:28 PM IST
മുംബൈ: നോ യുവർ കസ്റ്റർ (കെവൈസി) രേഖകൾക്കായി ഉപഭോക്താക്കളെ ആവർത്തിച്ച് വിളിക്കുന്നത് ഒഴിവാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ സഞ്ജയ് മൽഹോത്ര ബാങ്കുകളോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും സാന്പത്തിക നിയന്ത്രണ ഏജൻസിയുടെ മേൽനോട്ടത്തിലുള്ള ഒരു സ്ഥാപനത്തിന് രേഖകൾ സമർപ്പിക്കുന്നത് മറ്റുള്ളവർക്ക് ഒരു പൊതു ഡാറ്റാബേസിൽനിന്ന് അവ ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് ആർബിഐ ഓംബുഡ്സ്മാന്റെ വാർഷിക സമ്മേളനത്തിൽ മൽഹോത്ര വ്യക്തമാക്കി. ആവർത്തിച്ചുള്ള അഭ്യർഥനകൾ ഴിവാക്കാവുന്ന അസഹ്യപ്പെ ടുത്തൽ ആണെന്നും വിശേഷിപ്പിച്ചു.
എന്നാൽ, മിക്ക ബാങ്കുകളും എൻബിഎഫ്സികളും അവരുടെ ശാഖകളോ ഓഫീസുകളോ കേന്ദ്ര ഡാറ്റാബേസിൽ നിന്ന് വിവരങ്ങൾ ആക്സസ് ചെയ്യാൻ പ്രാപ്തമായിട്ടില്ലെന്നും അതിനാൽ ഉപഭോക്താക്കൾക്ക് അസൗകര്യം നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം സ്വീകരിക്കാൻ ബാങ്കുകളോട് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ആവശ്യപ്പെട്ടു. 2023-2024 സാന്പത്തിക വർഷത്തിൽ ഇന്ത്യയിലെ 95 വാണിജ്യ ബാങ്കുകൾക്ക് ഒരു കോടിയിലധികം ഉപഭോക്തൃ പരാതികളാണ് ലഭിച്ചതെന്ന് മൽഹോത്ര പറഞ്ഞു.