പരിസ്ഥിതി സൗഹൃദ വിപ്ലവത്തിനൊരുങ്ങി സിയാൽ
Thursday, March 20, 2025 12:37 AM IST
നെടുമ്പാശേരി: രാജ്യത്തെ കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു.
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലിന്റെ പുനരുപയോഗ ഊര്‍ജ വിഭാഗം ബിസിനസ് ഹെഡ് രഞ്ജന്‍ നായരും അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വെലുരിയും ഒപ്പുവച്ചു.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് താഴ്ന്നുപറക്കുന്ന ചെറുവിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം വിമാനങ്ങള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി ഇല്ലാതെയാക്കാം.
ചെറുവിമാനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനോടൊപ്പം എൻജിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനും പരിഹാരമാകും. 2070 ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാര്‍ബണ്‍ എമിഷന്‍) ലക്ഷ്യത്തിന്റെ ഭാഗമായാണു വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നത്.
കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി വിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കും. കൂടാതെ, ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ വികസനത്തിന് ആവശ്യമായ ഗവേഷണവും നടത്തും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസ് നല്‍കും.
ചെറുവിമാന സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനമാണ് ഗ്രീന്‍ ഹൈഡ്രജന്‍ വഴി സാധ്യമാകുകയെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാര്‍ പറഞ്ഞു.
ചടങ്ങില്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, സംസ്ഥാന ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കേന്ദ്ര പുനരുപയോഗ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി ബുപീന്ദര്‍ സിംഗ് ഭല്ല, സിജിഎം ഡോ. ഭരത് എല്‍ നെവാല്‍ക്കര്‍, അനെര്‍ട്ടിന്റെയും സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.