സ്മാർട്ട് ഫോൺ കയറ്റുമതി 1.75 ലക്ഷം കോടി രൂപ കടന്നു
Monday, March 17, 2025 11:38 PM IST
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷത്തിന്റെ ആദ്യ പതിനൊന്ന് മാസങ്ങളിൽ ഇന്ത്യയുടെ സ്മാർട്ട്ഫോണ്‍ കയറ്റുമതി 1.75 ലക്ഷം കോടി (21 ബില്യണ്‍ ഡോളർ) കടന്നു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ 54 ശതമാനം വർധനവുണ്ടായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 1.68 ലക്ഷം കോടി (20 ബില്യണ്‍ ഡോളർ) യുടെ കയറ്റുമതിയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യ മാസങ്ങളിൽ തന്നെ ഇത് മറികടന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സർക്കാരിന്റെ പിഎൽഐ (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ്) സ്കീമിന്റെ കരുത്തിൽ രാജ്യത്തേക്കുള്ള ഇറക്കുമതി കുറയുകയും കയറ്റുമതി വർധിക്കുകയും ചെയ്തിട്ടുണ്ട്. കയറ്റുമതിയുടെ 70 ശതമാനവും തമിഴ്നാട്ടിലെ ഫോക്സ്കോണ്‍ പ്ലാന്റിൽനിന്നുള്ള ആപ്പിൾ ഐഫോണുകളാണ്. കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാൾ 40 ശതമാനം വർധനവാണ് ഇക്കാര്യത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്.
കയറ്റുമതിയുടെ 22 ശതമാനം ടാറ്റ ഇലക്ട്രോണിക്സ ഏറ്റെടുത്ത കർണാടകയിലെ വിസ്ട്രോണ്‍ സ്മാർട്ട്ഫോണ്‍ നിർമാണ ഫാക്ടറിയിൽനിന്നുമാണ്. 12 ശതമാനം തമിഴ്നാട്ടിലെ പെഗാട്രോണ്‍ ഫെസിലിറ്റിയിൽനിന്നുമാണ്. ഇതിലും ടാറ്റ ഇലക്ട്രോണിക്സിന് 60 ശതമാനം ഓഹരിയുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഐഫോണ്‍ നിർമാതാക്കളായി ഉയർന്നിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.