ബിഗ് ബി ഒന്നാമൻ
Tuesday, March 18, 2025 11:28 PM IST
മുംബൈ: ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചൻ പുതിയൊരു റിക്കാർഡ് കുറിച്ചു. ഇത്തവണ സിനിമയിലല്ല, സാന്പത്തിക മേഖലയിലാണ്. 2024-25 സാന്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടച്ച സെലിബ്രിറ്റിയെന്ന റിക്കാർഡിലാണ് മെഗാതാരമെത്തിയത്.
ബോളിവുഡിലെതന്നെ സൂപ്പർതാരം ഷാരൂഖ് ഖാനെ മറികടന്നാണ് ബിഗ് ബി മുന്നിലെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഈ സാന്പത്തിക വർഷം ബച്ചന്റെ ആകെ വരുമാനം 350 കോടി രൂപയായിരുന്നു. ഇത് 120 കോടി രൂപയുടെ നികുതി ബാധ്യതയിലേക്ക് നയിച്ചു.
വൻകിട സിനിമകൾ, പരസ്യങ്ങൾ, കോൻ ബനേഗ ക്രോർപതിയുടെ അവതാരകനെന്ന നിലയിൽ ദീർഘകാലമായി ടെലിവിഷനിൽ നിറഞ്ഞ പ്രകടനം എന്നിവയുൾപ്പെടെ നിരവധി സ്രോതസുകളിൽ നിന്നാണ് ബച്ചന്റെ വരുമാനം വരുന്നത്. 82-ാം വയസിലും അദ്ദേഹത്തിന്റെ സാന്പത്തിക വിജയം അദ്ദേഹത്തെ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വ്യക്തികളിൽ ഒരാളാക്കി മാറ്റി.
120 കോടി രൂപ നികുതി
സാന്പത്തിക അച്ചടക്കത്തിന് പേരുകേട്ട അദ്ദേഹം സമയബന്ധിതമായി നികുതി അടയ്ക്കൽ ഉറപ്പാക്കുന്ന വ്യക്തികളിൽ ഒരാളാണ്. 2025 മാർച്ച് 15ന് ബച്ചൻ അഡ്വാൻസ് ടാക്സിലെ അവസാന ഗഡുവായ 52.5 കോടി രൂപ അടച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ നീക്കം കഴിഞ്ഞ വർഷം 92 കോടി രൂപ നികുതി അടച്ച് ഒന്നാം സ്ഥാനത്തെത്തിയ ഷാരൂഖ് ഖാന്റെ സ്ഥാനം തെറിപ്പിച്ചു. ഈ സാന്പത്തിക വർഷത്തിൽ, ബച്ചന്റെ സംഭാവന ഷാരൂഖിന്റെ സംഭാവനയേക്കാൾ ഏകദേശം 30 ശതമാനം കൂടുതലാണ്. ഷാരൂഖ് 95 കോടിയാണ് അടച്ചത്.
കഴിഞ്ഞ സാന്പത്തിക വർഷം ബിഗ് ബി 71 കോടി രൂപ നികുതിയുമായി പട്ടികയിൽ നാലാമതായിരുന്നു. ഈ വർഷം അദ്ദേഹത്തിന്റെ നികുതി സംഭാവന 69 ശതമാനം ഉയർന്നു.
80 കോടി രൂപ നികുതി അടച്ച തമിഴ് സൂപ്പർതാരം വിജയ്, 75 കോടി രൂപയുമായി സൽമാൻ ഖാൻ എന്നിവരാണ് ലിസ്റ്റിലെ മറ്റ് പ്രമുഖർ.