പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് 25 കോടി അനുവദിച്ചു
Saturday, March 15, 2025 11:51 PM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനം ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് (കെപിപിഎൽ)ന് സംസ്ഥാന സഹായമായി 25 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കന്പനി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്നാണ് തുക ലഭ്യമാക്കുന്നത്.
കന്പനിക്കായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള നാലു കോടിയും അധിക ധനാനുമതിയായി 21 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ടെൻഡറിൽ പങ്കെടുത്താണ് സംസ്ഥാനം ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പുനരുദ്ധരിച്ചു.
നാഷണൽ കന്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം 129. 89 കോടി രൂപ സംസ്ഥാന സർക്കാർ കന്പനിയുടെ പുനരുദ്ധാരണത്തിന് നൽകേണ്ടിയിരുന്നത്. അതിൽ 106 കോടി രൂപ ഇതിനകം ലഭ്യമാക്കി.