വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നു
Monday, March 17, 2025 1:27 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽനിന്നു വിദേശ നിക്ഷേപരുടെ വിറ്റഴിക്കൽ തുടരുന്നു. മാർച്ചിലെ ആദ്യ പതിനാല് ദിവസത്തിൽ (13-ാം തീയതി വരെ) 30,015 കോടിയുടെ നിക്ഷേപമാണ് പിൻവലിച്ചത്.
ആഗോള വ്യാപാര സംഘർങ്ങളാണ് എഫ്പിഐ കളെ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ്) ഓഹരികൾ വിൽക്കാൻ പ്രേരിപ്പിക്കുന്നത്. ഓഹരി പിൻവലിക്കലിന്റെ തുടർച്ചയായ 14-ാമത്തെ ആഴ്ചയാണ്. ഫെബ്രുവരിയിൽ 34,574 കോടി രൂപയും ജനുവരിയിൽ 78,027 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് പിൻവലിച്ചത്. 2025ൽ ഇതുവരെ 1.42 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശനിക്ഷേപർ വിറ്റത്.
വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 793 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 1,724 കോടി രൂപയുടെ വാങ്ങലുകാരായിരുന്നു. വെള്ളിയാഴ്ച ഹോളിയെ തുടർന്ന് വിപണിക്ക് അവധിയായിരുന്നു.