ഗോഗോയിൽ കറങ്ങാം
Saturday, March 15, 2025 12:00 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇലക്ട്രിക് ത്രീവീലറുകൾക്കായി ഗോഗോ എന്ന പേരിൽ പുതിയ ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ. ഈ ബ്രാൻഡിന് കീഴിൽ പാസഞ്ചർ, കാർഗോ വിഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനാണ് ബജാജിന്റെ പദ്ധതി. ഗോഗോയുടെ കാർഗോ പതിപ്പ് ഉടൻ വരും.
മികച്ച റേഞ്ച്, മെച്ചപ്പെട്ട പ്രകടനം, നൂതന സുരക്ഷാ സവിശേഷതകൾ എന്നിവ നൽകിക്കൊണ്ടാണ് നിലവിലുള്ള ഇലക്ട്രിക് ഓട്ടോ സെഗ്മെന്റിനെ ബജാജ് പരിഷ്ക്കരിച്ചിരിക്കുന്നത്.
ഈ സെഗ്മെന്റിൽ പുതിയ മൂന്ന് ഇ-ഓട്ടോകളാണ് പുറത്തിറക്കിയിരിക്കുന്നത്. പി 5009, പി 5012, പി 7012 എന്നീ മൂന്ന് വേരിയന്റുകളാണ്് ഇവ. ‘പി’ എന്നത് പാസഞ്ചേഴ്സി നെ സൂചിപ്പിക്കുന്നു.
50, 70 വാഹനത്തിന്റെ വലുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. അവസാനത്തെ 09,12 അക്കം ബാറ്ററി ശേഷിയായ 9 കിലോവാട്ട്, 12 കിലോവാട്ട് എന്നിവയെ സൂചിപ്പിക്കുന്നു. ഒറ്റച്ചാർജിൽ പി 5009ന് 171 കിലോമീറ്റർ മൈലേജും പി 7012ന് 251 കിലോമീറ്റർ മൈലേജും ലഭിക്കും. സെഗ്മെന്റിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന വാഹനം ഇതാണെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
ഗോഗോ വളരെ എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഓട്ടോയാണ്. 4.30 മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഇക്കോ, പവർ, ക്ലൈംബ്, പാർക്ക് അസിസ്റ്റ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളാണുള്ളത്. വാഹനത്തിന്റെ ഉയർന്ന വേഗം 50 കിലോമീറ്റർ വരെയാണ്.
സവിശേഷതകൾ
പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പി 5009 എന്ന് അടിസ്ഥാന മോഡൽ 4.5 കിലോവാട്ട് പവറും 36 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. കുറച്ചുകൂടി പവർ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ടോപ് വേരിയന്റ് മോഡൽ 5.5 കിലോവാട്ട് പവർ ഒൗട്ട്പുട്ടും അതേ ടോർക്ക് ലെവലുമാണ് നൽകിയി രിക്കുന്നത്.
മികച്ച ഡിസൈനോടുകൂടിയ മെറ്റൽ ബോഡിയാണ് ഈ ഇ-ഓട്ടോകൾക്ക്. ദുർഘടപാതകൾ എളുപ്പത്തിൽ താണ്ടുന്നതിനും കൂടുതൽ റേഞ്ച് ലഭിക്കാനുമായി ടൂ സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷനാണുള്ളത്. സുഖകരമായ യാത്രയ്ക്കു മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ ഒരു സ്പൈറൽ ട്യൂബുലാർ സസ്പെൻഷൻ സിസ്റ്റവുമുണ്ട്.
ആന്റി-റോൾ ഡിറ്റക്ഷൻ, ഓട്ടോ ഹസാർഡ്, ആന്റി തെഫ്റ്റ് അലേർട്ട്, പാർക്ക് അസിസ്റ്റ് ഫംഗ്ഷനുകൾ, എൽഇഡി ലൈറ്റിംഗ്, ഹിൽ ഹോൾഡ് അസിസ്റ്റ്, ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ടോണ് അപ്ഹോൾസ്റ്ററി, ഗ്ലൗബോക്സ്, യുഎസ്ബി ടൈപ്പ് എ മൊബൈൽ ചാർജർ, വലിയ സീറ്റുകൾ, സ്റ്റോറേജ് സ്പേസ്, ടെക്പാക് കണക്റ്റിവിറ്റി ഓപ്ഷൻ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
അഞ്ച് വർഷത്തെ സ്റ്റാൻഡേർഡ് ബാറ്ററി വാറന്റി ഈ ഇവിയുടെ ദീർഘകാല വിശ്വാസ്യത വർധിപ്പിക്കുന്നു. പി 5009, പി 7012 യഥാക്രമം 3.27 ലക്ഷം രൂപയും 3.83 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബജാജ് ഓട്ടോ ഡീലർഷിപ്പുകളിൽ 25,000 രൂപയടച്ച് വാഹനം ബുക്ക് ചെയ്യാം.