കൊറിയർ സർവീസ് ഒരുക്കാൻ ഡൽഹി മെട്രോ
Monday, March 17, 2025 1:26 AM IST
ന്യൂഡൽഹി: വരുമാനവർധനവ് ലക്ഷ്യമിട്ടു കൊറിയർ സർവീസ് ആരംഭിക്കാൻ ഡൽഹി മെട്രോ. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ ലോജിസ്റ്റിക് കന്പനിയായ ബ്ലൂ ഡാർട്ടുമായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ കരാറിൽ ഒപ്പുവച്ചു.
തിരക്ക് കുറവുള്ള സമയങ്ങളിൽ ഡൽഹിയിലെ വിവിധ മേഖലകളിലേക്കുള്ള കൊറിയർ സാധനങ്ങൾ കൊണ്ടുപോകുന്നതിനാണു കരാർ. കൃത്യസമയത്ത് നഗരത്തിൽ കൊറിയർ നീക്കം നടത്താനും റോഡിലെ തിരക്ക് കുറയ്ക്കാനും പുതിയ പദ്ധതികൊണ്ട് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ, ന്യൂഡൽഹി സ്റ്റേഷനിൽനിന്നു ഡൽഹി വിമാനത്താവളം വഴി ദ്വാരക വരെയുള്ള എയർപോർട്ട് ലൈനിൽ കൊറിയർ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. മുഴുവൻ പാതകളെയും ബന്ധിപ്പിച്ചാൽ മാത്രമേ ഫലം കാണൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പദ്ധതി വിപുലീകരിച്ചത്.