അമിതവണ്ണവും പ്രമേഹവും കുറയ്ക്കുന്ന മുഞ്ചാരോ ഇന്ത്യയിലെത്തി
Thursday, March 20, 2025 11:01 PM IST
ന്യൂയോർക്ക്: അമിത വണ്ണവും പ്രമേഹവും നിയന്ത്രിക്കുന്ന മരുന്നായ മുഞ്ചാരോ യുഎസ് ഫാർമ കന്പനിയായ ഇലി ലില്ലി പുറത്തിറക്കി. 2.5 മില്ലിഗ്രാമിന് 3,500 രൂപയും അഞ്ച് മില്ലിഗ്രാമിന് 4,375 രൂപയുമാണ് ഇന്ത്യയിലെ വില.
ആഴ്ചയിലൊരിക്കൽ ഉപയോഗിക്കേണ്ട മരുന്നിനായി മാസം ചെലവാക്കേണ്ടി വരിക 14,000 മുതൽ 17,500 രൂപ വരെയാണ്. എങ്കിലും ഡോക്ടർമാർ നിർദേശിക്കുന്ന ഡോസ് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം. 86,000 മുതൽ ഒരു ലക്ഷം രൂപ വരെ യുഎസ് പൗരന്മാർക്ക് ഓരോ മാസവും ചെലവ് വരും.
പുതിയ തരത്തിലുള്ള ചികിത്സാരീതികൾ ഇന്ത്യയിലും അവതരിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കന്പനി അറിയിച്ചു. പ്രായപൂർത്തിയായവർ ആഹാരക്രമീകരണം, വ്യായാമം എന്നിവയോടൊപ്പം 15 മില്ലിഗ്രാം മരുന്ന് ഉപയോഗിച്ചാൽ 72 ആഴ്ചകൾ കൊണ്ട് 21.8 കിലോ ശരീരഭാരം കുറയുമെന്ന് പരീക്ഷണഘട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്.
അമിതവണ്ണം കുറയ്ക്കുമെന്ന അവകാശവാദവുമായി 2022-ൽ ഇന്ത്യയിലെത്തിയ ഡാനിഷ് ഫാർമ കന്പനിയായ നോവോ നോർഡിസ്ക് ആണ് ഇന്ത്യയിലെ മാർക്കറ്റിന്റെ 65 ശതമാനവും ഇപ്പോൾ നിയന്ത്രിക്കുന്നത്.
ഇത്തരം മരുന്നുകൾക്കുള്ള ഇന്ത്യയിലെ മാർക്കറ്റ് 2020ലെ 137 കോടിയിൽനിന്ന് കഴിഞ്ഞ നവംബറിൽ 535 കോടിയിലേക്ക് വളർന്നുകഴിഞ്ഞു. കുത്തിവയ്ക്കാവുന്ന മരുന്ന് 2026ൽ പുറത്തിറക്കാൻ നോവോ നോർഡിസ്കിന് പദ്ധതിയുണ്ട്. ഇലി ലില്ലിയുടെ വരവ് ഡാനിഷ് കന്പനിക്ക് തിരിച്ചടിയായേക്കാമെന്ന് കരുതപ്പെടുന്നു.