മൂന്നാം ദിനവും വിപണികൾ നേട്ടത്തിൽ
Thursday, March 20, 2025 12:37 AM IST
മുംബൈ: തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ എന്നീ ഓഹരികളിലെ ശക്തമായ വാങ്ങലിലാണ് ഇന്നലെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ നിഫ്റ്റിയും സെൻസെക്സും നേട്ടമുണ്ടാക്കിയത്.
എന്നാൽ, എഫ്എംസിജി, ഐടി ഓഹരികളുടെ വിൽപ്പന വിപണിയുടെ കുതിച്ചുചാട്ടത്തെ മയപ്പെടുത്തി.
മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 2.63 ശതമാനവും 2.43 ശതമാനവും ഉയർന്നു. നിഫ്റ്റി 22900 പോയിന്റിനു മുകളിലേക്കുയർന്നു. സെൻസെക്സ് 147 പോയിന്റ് നേട്ടമാണ് സ്വന്തമാക്കിയത്.
സെൻസെക്സ് 147.79 പോ യിന്റ് നേട്ടത്തിൽ 75,449.05 ലും നിഫ്റ്റി സൂചിക 73.30 പോയിന്റ് നേട്ടത്തിൽ 22,907.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, എഫ്എംസിജി ഒഴികെ മറ്റ് മേഖലകളിലെ സൂചികകൾ നേട്ടത്തിലെത്തി. നിഫ്റ്റി പിഎസ് യു ബാങ്ക് 1.98 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 1.06 ശതമാനം, മെറ്റൽ 1.27 ശതമാനം, റിയൽറ്റി 2.80 ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോയും ഫാർമയും നേട്ടത്തിലാണ്.
എഫ്എംസിജി, ഐടി ഓഹരികളിലെ ഇടിവ് വിപണിയെ ബാധിച്ചു. എഫ്എംസിജി ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടു. യുഎസിലെ മാന്ദ്യ ഭീതിയും പലിശ നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും നിക്ഷേപകരെ ഭയപ്പെടുത്തിയതോടെ യാണ് ഇന്ത്യൻ ഐടി ഓഹരികൾക്ക് തിരിച്ചടിയായത്.