പ്രതീക്ഷയിൽ കുരുമുളക്
വിപണിവിശേഷം/ കെ.ബി. ഉദയഭാനു
Monday, March 17, 2025 1:27 AM IST
വൈറ്റ് പെപ്പറും ബ്ലാക്ക് പെപ്പറും ഹോട്ട് പെപ്പറായി, യൂറോപ്യൻ ബയർമാർ കുരുമുളകിനായി പരക്കംപായുന്നു, ഇന്ത്യൻ വില 2300 രൂപ ഒറ്റവാരം മുന്നേറി. ആഗോള കൊക്കോ ഉത്പാദനം ഉയരുമെന്ന സൂചനകൾ കണ്ട് ചോക്ലേറ്റ് വ്യവസായികൾ വാങ്ങൽ കുറച്ചു.
നാളികേരോത്പന്നങ്ങൾക്ക് ഇത് സുവർണകാലം. റബറിന്റെ തിരിച്ചുവരവ് മുന്നിൽകണ്ട് നിക്ഷേപകർ ചുവടുമാറ്റി, ഇന്ത്യൻ റബർ ഇരുന്നൂറിനെ വാരിപ്പുണരാൻ ഒരുങ്ങുന്നു. ആഭരണ വിപണിയിൽ മഞ്ഞലോഹത്തിന് തങ്കത്തിളക്കം.
ഉത്പാദനം കുറഞ്ഞു; വില ഉയരാൻ സാധ്യത
ആഗോള തലത്തിൽ കുരുമുളകിനും വെള്ള ക്കുരുമുളകിനും ആവശ്യക്കാർ വർധിച്ചത് വിലക്കയറ്റത്തിന് വേഗത സമ്മാനിച്ചു. സാധാരണ ഡിസംബർ-ഏപ്രിൽ കാലയളവിൽ രാജ്യാന്തര മുളക് വിലയിൽ തിരുത്തൽ കാലഘട്ടമാണ്. ഇന്ത്യയും വിയറ്റ്നാമും ശ്രീലങ്കയും മറ്റും പുതിയ ചരക്ക് ഇറക്കുന്ന സമയമെന്ന നിലയ്ക്ക് വിലത്തകർച്ചയെ അഭിമുഖീകരിക്കാറുള്ള വിപണി പക്ഷേ ഇക്കുറി വാങ്ങലുകാരുടെ ഉറക്കം കെടുത്തി. ലഭ്യത ഇന്ന് ഉയരും നാളെ ഉയരുമെന്ന കാത്തിരിപ്പിൽ താഴ്ന്ന വിലയ്ക്ക് ചരക്ക് സംഭരണത്തിനിരുന്നവർ ഒടുവിൽ ക്ഷമയുടെ നെല്ലിപ്പടി കണ്ടതോടെ രണ്ടും കൽപ്പിച്ച് മാർക്കറ്റിൽ ഇറങ്ങി.

രാജ്യാന്തര വിപണിയിൽ ഉത്പാദക രാജ്യങ്ങൾ നിരക്ക് ഉയർത്താൻ ഉത്സാഹിച്ചു. പ്രതികൂല കാലാവസ്ഥ മൂലം പ്രമുഖ രാജ്യങ്ങളിലെല്ലാം ഉത്പാദനം കുറയുമെന്ന സ്ഥിതി മനസിലാക്കി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചരക്ക് സംഭരണത്തിന് അന്താരാഷ്ട്ര വിപണിയിൽ പിടിമുറുക്കി. ഇതിനിടയിൽ വെള്ളക്കുരുമുളക് വില മലേഷ്യ 12,300 ഡോളറാക്കി ഉയർത്തിയതു കണ്ട് വിയറ്റ്നാമും ഇന്തോനേഷ്യയും അവരുടെ നിരക്ക് 10,000 ഡോളറിലേക്ക് കയറ്റി. സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്നു വ്യക്തമായതോടെ യൂറോപ്പിലെ വൻകിട ഇറക്കുമതിക്കാർ അവരുടെ പ്രതിനിധികളെ ഇന്ത്യ അടക്കമുള്ള ഉത്പാദക രാജ്യങ്ങളിൽ ഇറക്കി; കാര്യങ്ങൾ പഠിക്കാൻ.
അവർക്കും ഒരു ഉത്തരമേ നൽക്കാൻ കഴിഞ്ഞുള്ളൂ; എല്ലാ രാജ്യങ്ങളിലും മുളക് സ്റ്റോക്ക് നില പരുങ്ങലിലാണ്. ഇതുതന്നെയാണ് മാസങ്ങൾക്ക് മുന്നേ ദീപിക ഇതേ കോളത്തിലൂടെ കർഷകർക്ക് സൂചന നൽകിയിരുന്നതും വിളവെടുപ്പു വേളയിൽ അവർ ചരക്ക് നീക്കം നിയന്ത്രിച്ച് ഉത്പന്ന വിലയെ ഇതിനകം കിലോ 700 രൂപയിലേക്ക് എത്തിച്ചത്. വാരാന്ത്യം ഗാർബിൾഡ് കുരുമുളക് 70,500 രൂപയിലും അൺഗാർബിൾഡ് 68,500ലുമാണ്. കൊച്ചിയിൽ പ്രതിദിനം ശരാശരി 40 ടൺ മുളക് മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയത്.
സാധാരണ സീസണിൽ 120 ടണ്ണിൽ അധികം മുളക് വിൽപ്പനയ്ക്ക് ഇറങ്ങാറുണ്ട്. ഉത്പാദനം കുറഞ്ഞതാണ് വരവ് മൂന്നിലൊന്നായി ചുരുങ്ങാൻ ഇടയാക്കിയത്. വിപണി സാധ്യതകൾ ഉത്പാദകർ വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ കുരുമുളക് റിക്കാർഡ് തകർത്ത് 80,000ലേക്ക് ഈ വർഷം സഞ്ചരിക്കാം.
കൊക്കോയിൽ ആശങ്ക
ആഗോള വിപണിയിൽ കൊക്കോയുടെ കരുതൽ ശേഖരം ഉയരുമെന്ന സൂചനകൾ ചോക്ലേറ്റ് വ്യവസായികളെ മുഖ്യ ഉത്പാദക രാജ്യങ്ങളിൽനിന്നും അൽപ്പം പിൻതിരിയാൻ പ്രേരിപ്പിച്ചു. നാലു വർഷത്തിനിടയിൽ ആദ്യമായി കൊക്കോ മിച്ചം വരുമെന്ന വിലയിരുത്തൽ റെഡി, അവധി വ്യാപാര രംഗം കലങ്ങിമറിയാൻ ഇടയാക്കി. ഇന്ത്യൻ ചോക്ലേറ്റ് വ്യവസായികളും ചരക്ക് സംഭരണത്തിൽ തണുപ്പൻ മനോഭാവത്തിലാണ്.
ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള കൊക്കോ ശേഖരിക്കുന്നത് അവർ നിയന്ത്രിച്ചത് വ്യാപാരികളിൽ ആശങ്ക ഉളവാക്കി. അന്താരാഷ്ട്ര കൊക്കോ ഓർഗനെസേഷനാണ് കരുതൽ ശേഖരം സംബന്ധിച്ച് പ്രവചനം നടത്തിയത്. മധ്യകേരളത്തിൽ പച്ചക്കായ 130-150 രൂപയിലും കൊക്കോ പരിപ്പ് കിലോ 450-500 രൂപയിലുമാണ്. രാജ്യാന്തര കൊക്കോ അവധി വില കഴിഞ്ഞ മാസം ടണ്ണിന് 10,700 ഡോളറിന് മുകളിലായിരുന്നത് നിലവിൽ 7867 ഡോളറിലാണ്.
കേരകർഷകർ ആത്മവിശ്വാസത്തിൽ
നാളികേരോത്പന്നങ്ങൾക്ക് ഇത് സുവർണകാലഘട്ടമാണ്. ഉത്പന്നം ചരിത്രനേട്ടങ്ങൾ വാരിപ്പുണരുമ്പോൾ കർഷകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

വിളവെടുപ്പ് വേളയിലും പച്ചതേങ്ങയ്ക്ക് നേരിട്ട ക്ഷാമം മില്ലുകളുടെ പ്രവർത്തനങ്ങളെ ബാധിച്ചതോടെ അവർ വില ഉയർത്തി കൊപ്ര സംഭരിക്കുന്നു. പച്ചത്തേങ്ങ ക്ഷാമം വെളിച്ചെണ്ണ ഉത്പാദനം കുറയാനും ഇടയാക്കി. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ അതിർത്തി ജില്ലകളിൽ നിന്നും നാളികേരം ശേഖരിക്കുന്നുണ്ട്. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 15,900 രൂപയിലും കൊച്ചിയിൽ സർവകാല റിക്കാർഡ് വിലയായ 16,000 രൂപയിലുമാണ്.
കാലാവസ്ഥാ ഭീഷണിയിൽ ഏലം
ഉയർന്ന താപനിലയിൽ നട്ടംതിരിയുകയാണ് ഏലം കർഷകർ. തോട്ടങ്ങൾ ആവശ്യാനുസരണം ജലസേചനം നടത്താനാവാതെ ഒരു വിഭാഗം കർഷകർ ആശങ്കയിലാണ്. ഉയർന്ന ചൂടിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്നതു തടയാൻ പലരും ഗാർഡൻ നൈറ്റുകൾ ശരങ്ങൾക്കു മുകളിൽ പന്തലാക്കിയെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. ഹൈറേഞ്ചിൽ കുളങ്ങൾ വറ്റിയത് കർഷകർക്ക് തിരിച്ചടിയായി.

വൻകിട തോട്ടങ്ങൾ ടാങ്കർ ലോറികളെ വെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. കാർഷിക ചെലവുകൾ അനുദിനം ഉയരുകയാണ്. ഇതിനിടയിൽ ലേല കേന്ദ്രങ്ങളിൽ ഏലക്ക വില ഇടിയുന്നത് കർഷകരെ സമ്മർദത്തിലാക്കി. ഇനി വേനൽമഴയുടെ വരവോടെ മാത്രമേ സ്ഥിതിഗതികളിൽ നേരിയ അയവ് കണ്ട് തുടങ്ങു. കഴിഞ്ഞ വർഷത്തെ വരൾച്ചയിൽ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങിയിട്ടും സംസ്ഥാന സർക്കാർ ചിറ്റമ്മ നയമാണ് കർഷകരോട് കാണിച്ചത്. ആഭ്യന്തര, വിദേശ ഡിമാന്ഡിലും ശരാശരി ഇനങ്ങൾ കിലോ 2700 രൂപയിലാണ്.
റബറിനു ക്ഷാമം
ഇന്ത്യൻ റബർ ഇരുന്നൂറ് രൂപയെ വാരിപുണരാനുള്ള ഒരുക്കത്തിലാണ്. എന്നാൽ വിപണിയിലെ ചരക്ക് ക്ഷാമം കണ്ടില്ലെന്ന് നടിച്ച് ടയർ ലോബി ഉറക്കം അഭിനയിക്കുന്നു. മുഖ്യ വിപണികളിൽ ഷീറ്റ് വരവ് ചുരുങ്ങിയതോടെ നാലാം ഗ്രേഡ് കിലോ 198 രൂപ വരെ ഉയർന്നു. ഒരു വിഭാഗം കർഷകർ 200 രൂപയിലേക്ക് വില ഉയർന്ന ശേഷം വിൽപ്പനയിലേക്ക് തിരിയാമെന്ന നിലപാടിലാണ്. നിക്ഷേപകർ അവധി വ്യാപാരത്തിൽ വാങ്ങലുകരായി മാറി, വാരമധ്യം ജപ്പാൻ അവധി വ്യാപാര കേന്ദ്രത്തിലെ വിലത്തകർച്ച കണ്ട് ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ നടത്തിയ നീക്കം വാരാന്ത്യം നിരക്ക് ഉയർത്തി.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിസിന് 3000 ഡോളറിലേക്ക് കുതിച്ചു. കേരളത്തിൽ പവൻ 64,320 രൂപയിൽനിന്നും എക്കാലത്തെയും ഉയർന്ന നിരക്കായ 65,840ലേക്ക് സഞ്ചരിച്ച ശേഷം ശനിയാഴ്ച 64,760 രൂപയിലാണ്.