ഇന്ത്യക്ക് സ്വന്തമായി എഐ മോഡൽ
Thursday, January 30, 2025 10:56 PM IST
ഒഡീഷ: ആഗോള ഡിജിറ്റൽ ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. ചൈനയുടെ ഡീപ്സീക്ക് ചാറ്റ്ബോട്ട് വിപണിയിൽ എത്തിയതോടെ, എഐ രംഗത്തെ മത്സരം വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്.
അമേരിക്കയിൽ വികസിപ്പിച്ച എഐ മോഡലുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ഡീപ്സീക്ക് എത്തിയത്. വിപണിയിലെത്തി ദിവസങ്ങൾകൊണ്ട് തന്നെ ഓഹരിവിപണിയിൽ വൻ ഇടപെടൽ നടത്താനും കന്പനിക്കായി.
ഡീപ്സീക്ക്, ചാറ്റ്ജിപിടി, ജെമിനി, മെറ്റ എഐ തുടങ്ങിയ പ്രധാന എഐ മോഡലുകൾ ലോകത്ത് സജീവമായതോടെ ഇന്ത്യയുടെ തദ്ദേശീയ എഐ മോഡലുകളുടെ അഭാവം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.
വിദേശ എഐ മോഡലുകളുടെ ആശ്രയത്വം കുറയ്ക്കാൻവേണ്ടി ഇന്ത്യയുടെ ഭാഷാ, സാന്പത്തിക, സാമൂഹിക ആവശ്യങ്ങൾ പരിഗണിച്ചുള്ള സ്വദേശീയ എഐ മോഡൽ നിർമ്മിക്കാനുള്ള പദ്ധതി കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഉത്കർഷ് ഒഡീഷ കോണ്ക്ലേവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യ എഐ കന്പ്യൂട്ട് ഫെസിലിറ്റിയാണ് ഈ സംരംഭത്തിന് പിന്നിലെന്നും ഒഡീഷയിൽ എഐ ഡാറ്റ സെന്ററുകൾ സ്ഥാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ എഐ മോഡലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിജിറ്റൽ ഇക്കോ സിസ്റ്റം സ്ഥാപിക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ എഐ ഗവേഷണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും സജീവമായി നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ ടെക് വിപ്ലവം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ സുരക്ഷയുടെ ഭാഗമായി ഡാറ്റ സംരക്ഷിക്കാനും കേന്ദ്രസർക്കാർ സ്വദേശീയ എഐ വികസനം ഒരു പ്രതിരോധ സംവിധാനമായും പരിഗണിക്കുന്നുണ്ട്.