സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം
Wednesday, December 18, 2024 11:37 PM IST
മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്കു മൂന്നാം സ്ഥാനം. 2019ൽ 23-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് 2024ലെത്തിയപ്പോൾ ചൈന, വിയറ്റ്നാം രാജ്യങ്ങൾക്കു പിന്നിലെത്തിയത്. 2024 നവംബറിൽ രാജ്യത്തെ സ്മാർട്ട്ഫോണ് കയറ്റുമതി 20,000 കോടി രൂപ കടന്നതായി വ്യവസായ അസോസിയേഷനുകളിലൂടെ കന്പനികൾ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
വ്യവസായ സംഘടനകളുടെ കണക്കുകൾ പ്രകാരം, രാജ്യത്തെ സ്മാർട്ട്ഫോണ് കയറ്റുമതി കഴിഞ്ഞ മാസം 20,395 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 10,634 കോടി രൂപയായിരുന്നു. 92 ശതമാനം വർധനവാണ് 2024ലുണ്ടായത്.
ഈ നേട്ടം 2024-25 സാന്പത്തിക വർഷത്തിൽ ഉത്പാദന മൂല്യത്തിന്റെ 70-75 ശതമാനം കയറ്റുമതി ചെയ്യാനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം എന്ന നാഴികല്ല് മറികടക്കാനായി. ആഗോള സ്മാർട്ട്ഫോണ് ഭീമന്മാരായ ആപ്പിളും സാംസംഗുമാണ് ഇന്ത്യൻ സ്മാർഫോണ് നിർമാണ മേഖലയിലെ കുതിപ്പിന് നേതൃത്വം നൽകുന്നത്.
14,000 കോടി രൂപയുടെ കയറ്റുമതിയുമായി നവംബറിൽ ആപ്പിൾ മുന്നിലെത്തി. കന്പനിയുടെ ഇന്ത്യയിൽനിന്നുള്ള എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. ഈ കണക്ക് ഒക്ടോബറിൽ അതിന്റെ മുൻകാല റിക്കാർഡായ 12,000 കോടി മറികടക്കുകയും ചെയ്തു.
പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യ ഗവണ്മെന്റ് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ നിർമിക്കാൻ കന്പനികളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
പിഎൽഐ സ്കീമിന്റെ നേട്ടങ്ങൾ
പിഎൽഐ സ്കീമിന് കീഴിൽ, സ്മാർട്ട്ഫോണ് കയറ്റുമതിക്കായി ഇന്ത്യ ചില ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 2024-25 സാന്പത്തിക വർഷത്തിലെ ലക്ഷ്യം മൊത്തം ഉത്പാദന മൂല്യത്തിന്റെ 70-75% കയറ്റുമതി ചെയ്യുക എന്നതാണ്.
ഇന്ത്യയുടെ സ്മാർട്ട്ഫോണ് പിഎൽഐ സ്കീം ഒരു ഗെയിം ചേഞ്ചറാണ്. ഈ പദ്ധതിയിലൂടെ സ്മാർട്ട്ഫോണ് കയറ്റുമതിയെ 2019ലെ 23-ാം റാങ്കിൽനിന്ന് ഇപ്പോഴത്തെ മൂന്നാമതെത്തിച്ചു.
സ്കീമിന്റെ പ്രോത്സാഹനങ്ങൾ ഇലക്ട്രോണിക്സ് കയറ്റുമതിയെ മൊത്തത്തിൽ മുന്നോട്ടു നയിച്ചു; 2019-ലെ ഏഴാം സ്ഥാനത്തു നിന്ന് 2025 സാന്പത്തിക വർഷത്തിൽ മൂന്നാം സ്ഥാനത്തേക്കെത്തിച്ചു.