കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി 23 മുതൽ
Wednesday, December 18, 2024 11:37 PM IST
കൊച്ചി : കൺസ്യൂമർ ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര വിപണി 23 മുതൽ 25 വരെ നടക്കുമെന്ന് ചെയർമാൻ എം. മെഹബൂബ് പത്രസമ്മേളനത്തിൽ അറിയിച്ചു. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂരിലെ സംസ്ഥാന വിതരണ കേന്ദ്രത്തിൽ ഇന്നു വൈകുന്നേരം 5.30ന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
പൊതുമാർക്കറ്റിനേക്കാൾ 13 സബ്സിഡി ഇനങ്ങൾക്ക് 40 ശതമാനം വരെയും മറ്റുള്ളവയ്ക്ക് 10 മുതൽ 30 ശതമാനം വരെയും ഇളവ് ലഭിക്കും. 14 ജില്ലാകേന്ദ്രങ്ങളിൽ 300 ഉപഭോക്താക്കൾക്കും 156 ത്രിവേണി മുഖേന 75 ഉപഭോക്താക്കൾക്കും സംസ്ഥാന വിതരണ കേന്ദ്രത്തിൽ 500 പേർക്കുമാണ് പ്രതിദിനം സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നത്.
ക്രിസ്മസ് -പുതുവത്സര വിപണിയിലൂടെ 75 കോടി രൂപയുടെ വില്പനയാണ് ഈ വർഷം ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എം.സലിം പറഞ്ഞു. വിപണനകേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ കൂപ്പൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.