ഹോണ്ടയും നിസാനും ഒന്നിക്കുന്നു
Wednesday, December 18, 2024 11:37 PM IST
ടോക്കിയോ: ഹോണ്ട മോട്ടോർ കോർപ്പും നിസാൻ മോട്ടോർ കോർപ്പും ഒന്നിക്കുന്നതായി റിപ്പോർട്ട്. ടൊയോട്ടയ്ക്കുശേഷം ജപ്പാനിലെ കാർനിർമാണ മേഖലയിൽ രണ്ടും മൂന്നു സ്ഥാനക്കാരാണ് ഹോണ്ടയും നിസാനും.
ഹോണ്ടയും നിസാനും ഒരൊറ്റ ഹോൾഡിംഗ് കന്പനിയുടെ കീഴിൽ പ്രവർത്തിക്കുകയും ജപ്പാനിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ടൊയോട്ടയുടെയും ആഗോള തലത്തിലെയും വെല്ലുവിളികളെ നേരിടാനാണ് ഒന്നിക്കാനുള്ള നീക്കം നടത്തുന്നത്. രണ്ടു കന്പനിയും ഉടൻതന്നെ ധാരണപത്രത്തിൽ ഒപ്പുവച്ചേക്കും.
ജപ്പാനിലെ മറ്റൊരു പ്രധാന കാർനിർമാതാക്കളായ മിസ്തുബിഷിയെയും ഹോൾഡിംഗ് കന്പനിയുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. മിസ്തുബിഷിയിൽ നിസാന് 34 ശതമാനത്തോളം ഓഹരിയുണ്ട്.
ലയന വാർത്തകൾ പുറത്തുവന്നതോടെ നിസാന്റെ ഓഹരികൾ 24 ശതമാനം ഉയർന്നപ്പോൾ ഹോണ്ടയുടെ ഓഹരികൾക്ക് 3.4 ശതമാനം ഇടിവുണ്ടായി. മിസ്തുബിഷിയുടെ ഓഹരികൾ 17 ശതമാനം ഉയർന്നു.
കരാർ പ്രാവർത്തികമായായാൽ ജാപ്പനീസ് വാഹന വ്യവസായം രണ്ട് പ്രധാന ക്യാന്പുകളായി തിരിയും. ഒന്ന് ഹോണ്ട, നിസാൻ, മിത്സുബിഷി എന്നിവ ചേരുന്നതും, മറ്റൊന്ന് ടൊയോട്ട ഗ്രൂപ്പ് കന്പനികൾ അടങ്ങുന്നതും.
ഹോണ്ട-നിസാൻ ലയനം ഇലക്ട്രിക് വാഹന നിർമാണത്തെ പ്രോത്സാഹിപ്പിക്കും. 2023ൽ ചൈന ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരനായി. ഇവികളിൽ പുലർത്തിയ ആധിപത്യം ഇതിനെ സഹായിച്ചു.ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ ടെസ്ല ഇൻക്, ചൈനീസ് വാഹന നിർമാതാക്കൾ തുടങ്ങിയ എതിരാളികളോട് മത്സരിക്കാൻ ലയനം സഹായിക്കും.