ഒാൺലൈൻ പർച്ചേസ് നടത്തുമ്പോൾ സൂക്ഷിക്കുക!
Thursday, June 4, 2020 10:54 PM IST
30,000 രൂപ വിലയുള്ള സ്മാർട്ട്ഫോണ്‍ 3,000 രൂപയ്ക്ക്! ഇങ്ങനെയൊരു ഡീൽ ഓഫർ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമാണ്. എന്നാൽ, ഇവ വ്യാജമാണെന്നു പലേടത്തുനിന്നും പരാതി ഉയർന്നുകഴിഞ്ഞു. പണമടച്ചു ബുക്ക് ചെയ്തവർക്കു ഫോണ്‍ കിട്ടിയിട്ടില്ലെന്നു ഫേസ്ബുക്കിൽതന്നെ പലരും പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഒാൺലൈനിൽ ഒരു പർച്ചേസ് നടത്തുന്പോൾ അത്യാവശ്യം ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ!
* ഒന്നാമതായി പരസ്യം ചെയ്യുന്നത് ഏതെങ്കിലും കന്പനിയുടെയോ ബ്രാൻഡിന്റെയോ ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് ആണോ എന്നുറപ്പാക്കുക. ഇന്ത്യയിലെ പ്രമുഖ ഷോപ്പിംഗ് സൈറ്റുകൾക്കെല്ലാം വെരിഫൈഡ് സിംബൽ അഥവാ ബ്ലൂ ടിക് ഉണ്ട്. ഇങ്ങനെ ഫേസ്ബുക്ക് ഒറിജിനൽ അഥവാ ഒൗദ്യോഗികം എന്ന് അംഗീകരിച്ച പേജിലാണ് ഓഫറുകൾ എന്ന് ഉറപ്പാക്കുക.
* ഓഫറുകൾ നൽകുന്ന സൈറ്റിന് എത്രമാത്രം പോപ്പുലാരിറ്റി ഉണ്ടെന്നതും പരിശോധിക്കുക. വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജിൽ നോക്കിയാലും സൈറ്റിന് എത്ര പഴക്കമുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.
* സേവനം നൽകുന്ന സെല്ലർ ആരാണെന്നു മനസിലാക്കുക. ഓണ്‍ലൈൻ ഷോപ്പിംഗ് നടത്തുന്ന മിക്കവരും സെല്ലർ ആരെന്നു ശ്രദ്ധിക്കാറില്ല.
ജനപ്രിയ ഷോപ്പിംഗ് സൈറ്റുകളായ ഫ്ളിപ്കാർട്ട്, ആമസോണ്‍ പോലുള്ളവയിൽ പോലും വ്യാജ സെല്ലർമാർ കടന്നുകൂടുകയും ഓർഡർ ചെയ്തതിൽനിന്നു വ്യത്യസ്തമായ ഉത്പന്നങ്ങൾ നൽകുകയും ചെയ്തതു പലതവണ വാർത്തയായിട്ടുണ്ട്. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ ഫ്ളിപ്കാർട്ട് പോലുള്ള സൈറ്റുകളിൽ പരാതിപ്പെടാനും പ്രശ്നത്തിനു പരിഹാരം കാണാനും ചിലപ്പോഴെങ്കിലും സാധിക്കും.
ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകൾ
ഫ്ളിപ്കാർട്ട്, ആമസോണ്‍ പോലുള്ള ഷോപ്പിംഗ് സൈറ്റുകൾ അവരുടെ ഉത്പന്നങ്ങൾ നേരിട്ടു വിൽക്കുകയല്ല ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത സെല്ലർമാരാണു വസ്തുക്കൾ വിൽക്കുന്നത്. ഏതൊരു പ്രൊഡക്ടിന്റെ കൂടെയും സെല്ലറിന്റെ വിശദാംശങ്ങളും പ്രധാന ഷോപ്പിംഗ് സൈറ്റുകൾ നൽകാറുണ്ട്.
ഈ ഡീലർമാരെയോ സെല്ലർമാരെയോ ബന്ധപ്പെടാനുള്ള സൗകര്യവും ഈ സൈറ്റുകൾ നൽകുന്നുണ്ട്. അവരുടെ റീപ്ലേസ്മെന്റ് പോളിസി അടക്കമുള്ള വിശദാംശങ്ങളും സൈറ്റിൽ ലഭ്യമാണ്.
കേടുപാടുകൾ സംഭവിച്ചാൽ എങ്ങനെ മാറ്റിവാങ്ങാനാകുമെന്നും മാറ്റി നൽകുമോ എന്നുമൊക്കെ അറിയാൻ ഇതെല്ലാം വായിച്ചു നോക്കി ഉറപ്പാക്കിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങുകയാണ് ഏറ്റവും സുരക്ഷിതം.
മറ്റൊരു ചതി
ലോക്ക്ഡൗൺ കാലത്തു തട്ടിപ്പുകാർ മറ്റൊരു തന്ത്രവും പ്രയോഗിക്കുന്നുണ്ട്. ഇപ്പോൾ പല ഓഫറുകളിലും കോവിഡ് -19 മൂലം കാഷ് ഓണ്‍ ഡെലിവറി ഫെസിലിറ്റി ഇല്ലെന്നും ഡെലിവറി ചെയ്യാൻ കൂടുതൽ ദിവസങ്ങൾ വേണ്ടി വന്നേക്കാമെന്നും എഴുതി കാണിച്ചിട്ടുണ്ട്. ഇതു തട്ടിപ്പിനായി പലരും ഉപയോഗിക്കുന്നുണ്ട്. ഓർഡർ ചെയ്ത സാധനം കിട്ടാൻ വൈകിയാലും പലരും ലോക്ക്ഡൗൺ മൂലമാണെന്നു കരുതി കാത്തിരിക്കും. എത്തിക്കുമെന്നു പറഞ്ഞതിനേക്കാൾ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ വൈകിയാൽ തട്ടിപ്പ് സംശയിക്കണം.
മാക്സിൻ ഫ്രാൻസിസ്