ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷ: ആശങ്കയെന്ന് ഇന്ത്യ
Saturday, April 5, 2025 1:37 AM IST
ബാങ്കോക്ക്/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തായ്ലൻഡിലെ ബാങ്കോക്കിൽ കൂടിക്കാഴ്ച നടത്തി.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിയ മോദി, പരസ്പരവിശ്വാസം നഷ്ടമാക്കുന്ന പ്രതികരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, ബംഗ്ലാദേശിൽ ജനാധിപത്യ പുരോഗമന സർക്കാർ നിലവിൽവരുന്നതിന് ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
ബംഗ്ലാദേശ് കലാപത്തിനിടെ മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചതിനു ശേഷം ആദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും കൂടിക്കാഴ്ച നടത്തുന്നത്.
അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഉഭയകക്ഷിചർച്ച എന്ന നിർദേശം ബംഗ്ലാദേശ് മുന്നോട്ടുവയ്ക്കുകയായിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങളും ഷേക്ക് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.