ഗാസയിലെ ഭൂമി പിടിച്ചെടുക്കും; സൈനിക നടപടി വ്യാപിപ്പിക്കുന്നു
Thursday, April 3, 2025 12:13 AM IST
ടെൽ അവീവ്: ഇസ്രേലി സേന ഗാസയിൽ സൈനിക നടപടി വിപുലമാക്കുമെന്നും സുരക്ഷാ ബഫർസോണുകൾ സ്ഥാപിക്കാനായി വൻതോതിൽ ഭൂമി പിടിച്ചെടുക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.
തീവ്രവാദികളെയും അവരുടെ കേന്ദ്രങ്ങളെയും നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ സൈനികനടപടിയുടെ ഭാഗമായി ഗാസാ നിവാസികളെ വൻതോതിൽ ഒഴിപ്പിച്ചുമാറ്റേണ്ടിവരും.
ഇസ്രേലി സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്ന മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കും. ഗാസാ നിവാസികൾ ഹമാസിനെ ഉന്മൂലനം ചെയ്ത് ഇസ്രേലി ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം അവസാനിക്കുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫ പ്രദേശത്തുനിന്നു ഗാസാ നിവാസികളെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെയാണ് ഇസ്രേലി മന്ത്രി ഇക്കാര്യം അറിയിച്ചത്. എത്രമാത്രം ഭൂമി പിടിച്ചെടുക്കുമെന്നോ ഇതു സ്ഥിരമായിരിക്കുമെന്നോ ഇസ്രേലി മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ഗാസാ അതിർത്തിയോടു ചേർന്ന് സുരക്ഷാ ബഫർസോണുകൾ സ്ഥാപിക്കാനെന്ന പേരിൽ ഇസ്രേലി സേന നിലവിൽ വൻതോതിൽ ഭൂമി കൈയേറിയിട്ടുണ്ട്. ഗാസയുടെ 17 ശതമാനം വരുന്ന 62 ചതുരശ്ര കിലോമീറ്റർപ്രദേശം ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്.
ഇതിനിടെ, ഇസ്രേലി സേന ഗാസയിൽ വൻതോതിൽ വ്യോമാക്രമണം നടത്തുന്നുണ്ട്. റാഫ പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി 15 പേർ കൊല്ലപ്പെട്ടു. ഗാസയിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 50,399 ആണ്.
ആക്രമണം പുനരാരംഭിച്ചശേഷം കൊല്ലപ്പെട്ടത് 322 കുട്ടികൾ
കയ്റോ: ഇസ്രേലി സേന ആക്രമണം പുനരാരംഭിച്ചശേഷം ഗാസയിൽ 322 കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ് അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും കുട്ടികൾ മരിച്ചത്.
ഇതേ കാലയളവിൽ 609 കുട്ടികൾക്കു പരിക്കേൽക്കുകയുമുണ്ടായി. ഗാസയിൽ വിവേചനമില്ലാതെ നിരന്തരം ബോംബ് വർഷിക്കുകയാണെന്നും യൂണിസെഫ് ആരോപിച്ചു. ഇസ്രയേൽ സഹായം തടഞ്ഞിരിക്കുന്നതു മൂലം ഗാസയിൽ പട്ടിണിയും രോഗങ്ങളുമുണ്ടാകാമെന്നും സംഘടന മുന്നറിയിപ്പു നല്കി.
ഹമാസ് വെടിനിർത്തൽ നീട്ടാൻ മടിക്കുന്നുവെന്നാരോപിച്ച് മാർച്ച് 18നാണ് ഇസ്രേലി സേന ആക്രമണം പുനരാരംഭിച്ചത്. 18 മാസം മുന്പ് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ 15,000 കുട്ടികൾ കൊല്ലപ്പെടുകയും 34,000 കുട്ടികൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.