ലബനനിൽനിന്ന് റോക്കറ്റ്; തിരിച്ചടി നൽകി ഇസ്രയേൽ
Sunday, March 23, 2025 12:23 AM IST
ടെൽ അവീവ്: ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വീണ്ടും സംഘർഷ സാധ്യത. ഇന്നലെ ലബനനിൽനിന്നു വന്ന മൂന്ന് റോക്കറ്റുകൾ ഇസ്രേലി സേന വെടിവച്ചിട്ടു. ഇതിനു പിന്നാലെ ഇസ്രേലി സേന തെക്കൻ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ പീരങ്കി, വ്യോമാക്രമണങ്ങൾ നടത്തി. ഇസ്രേലി ആക്രമണത്തിൽ ലബനനിലെ ടൊളിൻ പട്ടണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു.
നവംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തലുണ്ടായശേഷം ലബനനിൽനിന്ന് ഇസ്രയേലിനു നേർക്കുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്; ഇസ്രേലിസേന ലബനനിൽ നടത്തുന്ന ആദ്യത്തെ ആക്രമണവും.
ലബനനിലെ ഭീകരകേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്‍കിയതായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ അറിയിച്ചു.
അതേസമയം, റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള ഭീകരര്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് അന്വേഷിച്ചുവരുന്നതായി ഇസ്രേലി സേന പറഞ്ഞു. ലബനനെ വീണ്ടും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണ പ്രകാരം ഇസ്രേലി അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽനിന്ന് ഹിസ്ബുള്ള ഭീകരർ ഒഴിഞ്ഞുപോവുകയും പകരം ലബനീസ് സേനയെ വിന്യസിക്കുകയും ചെയ്യേണ്ടതാണ്.
വെടിനിർത്തലിനു മുന്‍പ് ഇസ്രേലി സേനയുടെ കനത്ത ആക്രമണത്തിൽ ഹിസ്ബുള്ളയുടെ നേതാക്കളെല്ലാം കൊല്ലപ്പെടുകയും സംഘടന ദുർബലമാവുകയും ചെയ്തിരുന്നു.