സുഡാൻ സേന പ്രസിഡൻഷ്യൽ പാലസ് പിടിച്ചെടുത്തു
Friday, March 21, 2025 11:37 PM IST
ഖാർത്തൂം: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സായുധസേന ഖാർത്തൂം നഗരത്തിലെ പ്രസിഡൻഷ്യൽ പാലസിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ചില മന്ത്രാലയങ്ങളടക്കം സുപ്രധാന കെട്ടിടങ്ങളുടെ നിയന്ത്രണവും സ്വന്തമാക്കിയെന്നു സേന അറിയിച്ചു.
സുഡാൻ സായുധസേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) എന്ന അർധസൈനിക വിഭാഗവും രണ്ടു വർഷമായി രാജ്യത്തിന്റെ നിയന്ത്രണത്തിനായി പോരാട്ടത്തിലാണ്.
2023 ഏപ്രിലിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖാർത്തൂം നഗരമധ്യത്തിലുള്ള പ്രസിഡൻഷ്യൽ വസതി അടക്കമുള്ള പ്രധാന കെട്ടിടങ്ങൾ ആർഎസ്എഫ് നിയന്ത്രണത്തിലാക്കിയിരുന്നു. അടുത്തകാലത്ത് സായുധസേന നഗരത്തിൽ മുന്നേറാൻ തുടങ്ങിയിട്ടുണ്ട്.
സുഡാന്റെ പടിഞ്ഞാറുഭാഗം നിയന്ത്രിക്കുന്ന ആർഎസ്എഫ് സമാന്തര സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്.