ഇന്ത്യൻ ഗവേഷണ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
Thursday, March 20, 2025 11:01 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം ചെയ്തിരുന്ന ബദർ ഖാൻ സൂരി എന്ന ഇന്ത്യൻ വിദ്യാർഥിയെ കുടിയേറ്റവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു.
പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിലാണു നടപടിയെന്നു കരുതുന്നു. സൂരിയുടെ വിദ്യാർഥിവീസ റദ്ദാക്കിയെന്നും ഇന്ത്യയിലേക്കു മടക്കി അയയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പൗരത്വമുള്ള പലസ്തീൻ വംശജയാണ്. സൂരിയും ഭാര്യയും ട്രംപ് ഭരണകൂടത്തിന്റെ ഇസ്രേലി അനുകൂല വിദേശനയത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്ന സംശയത്തിലാണു നടപടികൾ നേരിട്ടതെന്ന് സൂരിയുടെ അഭിഭാഷകൻ പറഞ്ഞു. ഭാര്യക്ക് ഗാസയിലെ ഹമാസുമായി ബന്ധമുണ്ടെന്നും ഖത്തറിലെ അൽ ജസീറ ചാനലിനുവേണ്ടി മുന്പു പ്രവർത്തിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പൂർത്തിയാക്കിയ സൂരി വാഷിംഗ്ടൺ ഡിസിയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തിവരുകയായിരുന്നു.
കുടിയേറ്റവകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി വിർജീനിയയിലെ ഇദ്ദേഹത്തിന്റെ വസതിയിൽനിന്നാണു കസ്റ്റഡിയിലെടുത്തത്. സൂരിയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹർജി നല്കിയിട്ടുണ്ട്.
പലസ്തീൻ അനുകൂലികൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തേ കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥി മഹ്മൂദ് ഖലീനെ അറസ്റ്റ് ചെയ്തിരുന്നു. വീസ റദ്ദാക്കപ്പെട്ട മറ്റൊരു കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ ഇന്ത്യക്കാരി രജനി ശ്രീനിവാസൻ സ്വയം അമേരിക്കയിൽനിന്നു മടങ്ങിയിരുന്നു.