സബ് സ്റ്റേഷനിൽ തീപിടിത്തം; ഹീത്രു വിമാനത്താവളം പൂട്ടി
Friday, March 21, 2025 11:37 PM IST
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളം വെള്ളിയാഴ്ച അടച്ചത് ആഗോള വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചു.
ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകളാണു റദ്ദാക്കപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി.
ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അട്ടിമറിയില്ലെന്നാണു പ്രാഥമിക നിഗമനമെന്നു ബ്രിട്ടീഷ് ഊർജവകുപ്പ് മന്ത്രി എഡ് മിലിബന്റ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഹീത്രുവിലേക്കു വന്ന 120 യാത്രാവിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു. അമേരിക്കയിൽനിന്നു ലണ്ടനിലേക്കു യാത്ര തുടങ്ങിയ ചില വിമാനങ്ങൾ പുറപ്പെട്ട സ്ഥലങ്ങളിൽ തിരിച്ചിറക്കി. യൂറോപ്പിന്റെ പല ഭാഗങ്ങളിൽനിന്നും ഓസ്ട്രേലിയയിൽനിന്നും ലണ്ടനിലേക്കു യാത്രയാരംഭിച്ചവർ പല സ്ഥലങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്.
വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നതിൽ വ്യക്തതയില്ല. വിമാനത്താവളം തുറക്കാതെ യാത്രക്കാർ വരേണ്ടെന്നാണു ഹീത്രു അധികൃതർ അറിയിച്ചിരിക്കുന്നത്.
തീപിടിത്തം നിയന്ത്രണവിധേയമായെന്നാണ് അറിയിപ്പ്. 4,900 വീടുകളിൽ വൈദ്യുതി ഇല്ലാതായി. 150 പേരെ ഒഴിപ്പിച്ചുമാറ്റി.