ജർമനി പ്രതിരോധച്ചെലവ് കൂട്ടും; മെർസിന്റെ പാക്കേജിന് അംഗീകാരം
Thursday, March 20, 2025 12:37 AM IST
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മനിയിൽ നിർദിഷ്ട ചാന്‍സലര്‍ ഫ്രീഡ്റിക് മെര്‍സ് നിര്‍ദേശിച്ച ഭീമൻ പ്രതിരോധ, പശ്ചാത്തല വികസന പാക്കേജ് ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. അടുത്ത ദശകത്തില്‍ ഒരു ലക്ഷം കോടി യൂറോയിലധികം ചെലവഴിക്കാന്‍ വഴിയൊരുക്കുന്ന പദ്ധതികളാണ് പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വന്‍തോതില്‍ കടം വാങ്ങുന്നതിലും പ്രതിരോധാവശ്യങ്ങൾക്ക് ആവശ്യത്തിലധികം തുക ചെലവഴിക്കുന്നതിലും വിമുഖത കാട്ടിയിരുന്ന ജർമനിയിൽ സമൂല മാറ്റം നിർദേശിക്കുന്നതാണ് പാക്കേജ്. ബില്ലിനെ അനുകൂലിച്ച് 513 പേർ വോട്ട് ചെയ്തപ്പോൾ 207 പേര് എതിര്‍ത്തു.
റഷ്യൻ സേന യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ജർമനിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വോട്ടെടുപ്പിനു മുന്‍പായി പാർലമെന്റിൽ സംസാരിച്ച മെർസ് പറഞ്ഞു. റഷ്യ യുദ്ധം ചെയ്യുന്നത് യൂറോപ്പിനെതിരായിട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെർസിന്റെ പാക്കേജ് പാര്‍ലമെന്റിന്റെ ഉപരിസഭയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിൽ പാസാക്കേണ്ടതുണ്ട്.