ഉദ്വേഗജനകമായ 17 മണിക്കൂറുകൾ
Thursday, March 20, 2025 2:01 AM IST
സെബിൻ ജോസഫ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ട സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം 17 മണിക്കൂർ സഞ്ചരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ സ്പ്ലാഷ് ലാൻഡിംഗ് നടത്തി. നീണ്ട 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം സുനിത വില്യംസും സഹയാത്രികർ ബുച്ച് വിൽമറും റഷ്യൻ യാത്രികൻ അലക്സാണ്ടർ ഗോർബുനോവ്, നാസയുടെ നിക് ഹേഗ് എന്നിവരും ഭൂമിയിൽ തിരിച്ചെത്തി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം മണിക്കൂറിൽ 28,800 കിലോമീറ്റർ വേഗത്തിലാണ് താഴേക്കു പതിച്ചത്. അന്തരീക്ഷത്തിലെ ഘർഷണം നിമിത്തം പേകടത്തിന്റെ പുറംപാളിയിലെ താപനില 1,600 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
ഉയർന്ന താപനിലയിൽ പേടകം തീപിടിക്കുന്നത് തടയുന്നതിനായി പിഐസിഎ മെറ്റീരിയൽ (ഫിനോലിക് ഇംപ്രിഗനേറ്റഡ് കാർബണ്‍ അബ്ലേറ്റർ) ആവരണം ചെയ്തിരുന്നു. അന്തരീക്ഷത്തിലെ ഘർഷണം മൂലം പേടകത്തിനു പുറത്ത് ആവരണം ചെയ്തിരുന്ന പിഐസിഎയുടെ നിറം വെള്ളയിൽനിന്ന് തവിട്ടായി മാറി. തുടർച്ചയായി തീപിടിത്തമുണ്ടായതുമൂലമാണ് പേടകത്തിന്റെ നിറം മങ്ങാൻ കാരണം.
പേടകം സ്പ്ലാഷ് ലാൻഡ് ചെയ്തു
അമേരിക്കൻ സമയം 17ന് രാത്രി 11.05ന് സഞ്ചാരികളെ തിരികെ എത്തിക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയവും സ്പേസ് എക്സ് ഡ്രാഗണ്‍ പേടകവും തമ്മിലുള്ള ഹാച്ച് അടച്ചു. ഭൂമിയിലേക്കുള്ള യാത്രക്കായി 18ന് പുലർച്ചെ 1.05ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.30 ഓടെ) ബഹിരാകാശ നിലയത്തിൽനിന്ന് പേടകം അണ്‍ഡോക് (വിച്ഛേദിക്കുക) ചെയ്തു.
ഭൂമിയിലേക്കുള്ള മടക്കയാത്ര ഡ്രാഗണ്‍ പേടകം ആരംഭിച്ചു. പേടകത്തിന്റെ യാത്രാവിവരം നാസ എക്സിലൂടെ തത്സമയം പുറത്തുവിട്ടിരുന്നു. പേടകത്തിലെ യാത്രികർ മിഷൻ കണ്ട്രോൾ റൂമുമായി ആശയവിനിമയം നടത്തുന്ന ശബ്ദസന്ദേശം കേൾക്കാൻ സാധിക്കുമായിരുന്നു. അമേരിക്കൻ സമയം വൈകുന്നേരം 5.57ന് (ഇന്ത്യൻ സമയം 3.27ന്) പേടകം ഫ്ളോറിഡയ്ക്കു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ സ്പ്ലാഷ് ലാൻഡ് ചെയ്തു.
നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും ഒക്ടോബറിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. നിക് ഹേഗായിരുന്നു മടക്കയാത്രയുടെ കമാൻഡർ. മൂന്നു ബഹിരാകാശ യാത്രകൾ നടത്തിയ സുനിത വില്യംസ് 608 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 675 ദിവസം ബഹിരാകാശത്തു തങ്ങിയ പെഗി വിറ്റ്സനാണ് കൂടുതൽ കാലം ബഹിരാകാശത്തു തങ്ങിയ വനിത.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമായിരുന്നു സുനിതയുടെ മടങ്ങിവരവ്. ബൈഡൻ ഭരണകൂടം ഉപേക്ഷിച്ച പദ്ധതി അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കുമെന്ന് ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് കാന്പയിനുകളിൽ പറഞ്ഞിരുന്നു. സുനിതയുടെ മടങ്ങിവരവ് ട്രംപ് അനുകൂലി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് പേടകത്തിലാണ്. സ്പേസ് എക്സിനെ വിശ്വസിച്ച നാസയ്ക്കും അമേരിക്കൻ ഭരണകൂടത്തിനും മസ്ക് നന്ദി അറിയിച്ചിട്ടുണ്ട്.
ലാൻഡിംഗ്
ആറ് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് ഡ്രാഗണ്‍ പേടകം വേഗം കുറച്ച് കടലിൽ സ്പ്ലാഷ് ലാൻഡ് ചെയ്തത്. ഭൂമിയുടെ അന്തരീക്ഷത്തിൽ പേടകം പ്രവേശിച്ചപ്പോൾ രണ്ട് പാരച്യൂട്ടുകൾ വിടർന്ന് പേടകത്തിന്റെ വേഗം കുറച്ച് സ്ഥിരത കൈവരിച്ചു. സ്പ്ലാഷ്ഡൗണിനു (ലാൻഡിംഗ്) മുന്‍പ് മറ്റു നാല് പാരച്യൂട്ടുകൾ വിടർന്ന് പേടകത്തിന്റെ വേഗം പരമാവധി കുറച്ചു. ലാൻഡിംഗ് സമയത്ത് വേഗം മണിക്കൂറിൽ 25 കിലോമീറ്റർ ആയിരുന്നു. പേടകം സമുദ്രത്തിൽ പതിച്ചയുടനെ റിക്കവറി സംഘം വാതകച്ചോർച്ചയുണ്ടോയെന്ന് പരിശോധന നടത്തി. പിന്നീട്, കരക്കെത്തിച്ച പേടകത്തിന്റെ ഹാച്ച് തുറന്ന് യാത്രക്കാരെ പുറത്തെടുത്തു.
ആദ്യം പേടകത്തിൽനിന്ന് പുറത്തുവന്നത് നാസയുടെ നിക്ക് ഹേഗായിരുന്നു. പുറകെ, റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്കോമോസിന്റെ അലക്സാണ്ടർ ഗോർബുനോവ് പുറത്തെത്തി. പിന്നീട് ലോകം കാത്തിരുന്ന നിമിഷമെത്തി എട്ടുദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട് 286 ദിവസം ബഹിരാകാശത്തു തങ്ങിയ സുനിത വില്യംസും പിന്നാലെ ബുച്ച് വിൽമറും പുറത്തെത്തി.
റിക്കവറി സംഘത്തെ കൈവീശി അഭിസംബോധന ചെയ്ത സുനിത, പ്രത്യേകം തയാറാക്കിയ സ്ട്രക്ചറിൽ ഇരുന്നാ ണ് വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്കു പോയത്. ദീർഘകാലം ബഹിരാകാശത്തു തങ്ങിയതിനാൽ യാത്രികർക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അസ്ഥികളുടെയും പേശികളുടെയും ശോഷണം, റേഡിയേഷൻ മൂലമുള്ള പ്രശ്നങ്ങൾ, കാഴ്ച വൈകല്യം എന്നിവയ്ക്കും സാധ്യതയുണ്ട്.
ആദ്യം വരവേറ്റത് ഡോൾഫിനുകൾ
സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ഫ്രീഡം പേടകം കടലിലിറങ്ങുന്നതിനു മുന്നോടിയായി എല്ലാ സുരക്ഷയും യുഎസ് കോസ്റ്റ് ഗാർഡ് ഉറപ്പാക്കിയിരുന്നു.
എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് വലിയ ഡോള്‍ഫിനുകള്‍ പേടകത്തിന് അരികിലെത്തിയ കാഴ്ച കൗതുകമായി. പേടകത്തിന് സമീപത്തുകൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശദൃശ്യം നാസ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും സ്പേസ് എക്സിന്റെ കപ്പലുമുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ നീരാട്ട് തുടരുകയായിരുന്നു.