ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടു
Friday, March 21, 2025 2:06 AM IST
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നു വത്തിക്കാൻ.
മെക്കാനിക്കൽ വെന്റിലേറ്റർ സംവിധാനം പൂർണമായി നിർത്തി. ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയുടെ അളവു കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് ശ്വസന-ചലന പ്രക്രിയകളിൽ കൈവരിച്ച പുരോഗതി എടുത്തുകാണിക്കുന്നുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
അതേസമയം, വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ മാർപാപ്പ കാർമികത്വം വഹിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഇന്നലെ 33 ദിവസം പിന്നിട്ടു.
അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ രാജിവയ്ക്കുമെന്ന അഭ്യൂഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വീണ്ടും തള്ളി. മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ചികിത്സയിൽ തുടരുന്പോഴും മാർപാപ്പ സഭാ ഭരണത്തിൽ സജീവമായി ഇടപെടുന്നുണ്ട്. യഥാസമയം നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു - കർദിനാൾ പാരോളിൻ വ്യക്തമാക്കി.
തനിക്കു ലഭിച്ച അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ ഫ്രീഡം മെഡൽ ഫ്രാൻസിസ് മാർപാപ്പ താൻ ആർച്ച്ബിഷപ്പായിരുന്ന അർജന്റീനയിലെ ബുവാനസ് ആരിസ് രൂപതയുടെ മെട്രോപൊളിറ്റൻ കത്തീഡ്രലിന് സമ്മാനിച്ചു.
ജനുവരിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിനുമുമ്പ് പ്രഖ്യാപിച്ച ഉന്നത ബഹുമതി അമേരിക്കയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ കർദിനാൾ ക്രിസ്റ്റോഫ് പിയറിന് വൈറ്റ് ഹൗസ് കൈമാറിയിരുന്നു. ഫ്രാന്‍സിസ് മാർപാപ്പ ലോകത്തിനു നല്കുന്ന നിരവധിയായ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.