ദക്ഷിണകൊറിയയിൽ ആക്ടിംഗ് പ്രസിഡന്റിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം
Friday, March 21, 2025 11:37 PM IST
സീയൂൾ: ദക്ഷിണകൊറിയയിൽ ആക്ടിംഗ് പ്രസിഡന്റ് ചോയി സാംഗ് മോക്കിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി അവതരിപ്പിച്ചു.
പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡന്റ് യൂൺ സുക് യോൾ ഇംപീച്ച് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ധനമന്ത്രിയായ ചോയി സാംഗ് മോക് ആക്ടിംഗ് പ്രസിഡന്റായത്.
പാർലമെന്റിലെ പ്രതിപക്ഷ നീക്കങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിലാണ് ആക്ടിംഗ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യാനുള്ള നീക്കമുണ്ടായിരിക്കുന്നത്.
ഇതിനിടെ, പ്രസിഡന്റ് യൂണിന്റെ ഇംപീച്ച്മെന്റിനു സാധുതയുണ്ടോ എന്ന വിഷയത്തിൽ ഭരണഘടനാ കോടതി വൈകാതെ വിധി പ്രസ്താവിക്കും.
കോടതി ഇംപീച്ച്മെന്റ് ശരിവച്ചാൽ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അഭിപ്രായസർവേകളിൽ മുന്നിലുള്ള പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗ് അടുത്ത പ്രസിഡന്റാകാൻ സാധ്യതയുണ്ട്.