പ്രതിഷേധപ്രകടനം; തുർക്കിയിൽ 343 പേർ അറസ്റ്റിൽ
Sunday, March 23, 2025 12:23 AM IST
അങ്കാറ: ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിന്റെ അറസ്റ്റിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരിൽ 343 പേരെ തുർക്കി സർക്കാർ അറസ്റ്റ് ചെയ്തു. ക്രമസമാധാനനില തകരാതിരിക്കാൻവേണ്ടിയാണ് നടപടിയെന്ന് സർക്കാർ പറഞ്ഞു.
പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളികൂടിയായ ഇമാമൊഗ്ലു ബുധനാഴ്ചയാണ് അറസ്റ്റിലായത്. തീവ്രവാദ പ്രവർത്തനവും അഴിമതിയും ആരോപിച്ചുള്ള അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് വിലയിരുത്തൽ.
ഇമാമൊഗ്ലു മതേതര സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷൽ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെടാനിരിക്കേ ആയിരുന്നു അറസ്റ്റ്. അടുത്തിടെ ചില അഭിപ്രായ സർവേകളിൽ എർദോഗനേക്കാൾ ലീഡ് ഇമാമൊഗ്ലുവിനു ലഭിച്ചിരുന്നു.
ഇസ്താംബൂൾ, അങ്കാറ തുടങ്ങിയ നഗരങ്ങളിലെല്ലാം അറസ്റ്റിനെതിരേ പ്രതിഷേധം അലയടിക്കുന്നുണ്ട്. അതേസമയം പ്രകടനങ്ങളെല്ലാം സമാധാനപരമാണെന്നാണ് റിപ്പോർട്ട്.
പ്രതിഷേധങ്ങളെ അപലപിച്ച പ്രസിഡന്റ് എർദോഗൻ, ക്രമസമാധാനം തകരാർ അനുവദിക്കില്ലെന്നും, അക്രമികൾക്കും തെരുവുഭീകരർക്കും സർക്കാർ കീഴടങ്ങില്ലെന്നും പറഞ്ഞു.