ഇമാമൊഗ്ലുവിന്റെ അറസ്റ്റ്: തുർക്കിയിൽ പ്രതിഷേധം
Thursday, March 20, 2025 11:01 PM IST
അങ്കാറ: തുർക്കിയിൽ പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയും ഇസ്താംബൂൾ മേയറുമായ ഇക്രം ഇമാമൊഗ്ലുവിനെ അറസ്റ്റ് ചെയ്തതിൽ ജനരോഷം ശക്തമായി. ഇസ്താംബൂൾ നഗരത്തിൽ പ്രകടനം നടത്തിയ ജനം എർദോഗനെതിരേ മുദ്രാവാക്യം മുഴക്കി.
മതേതര നിലപാടുകൾ പുലർത്തുന്ന സിഎച്ച്പി പാർട്ടിയുടെ നേതാവായ ഇക്രം ഇമാമൊഗ്ലു ക്രിമിനൽ സംഘത്തിനു നേതൃത്വം നല്കി, തീവ്രവാദ സംഘടനയെ സഹായിച്ചു, അഴിമതി നടത്തി തുടങ്ങിയ കുറ്റങ്ങൾ ചെയ്തതിന്റെ പേരിലാണ് അറസ്റ്റെന്ന് അധികൃതർ പറയുന്നു.
സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷൽ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ തെരഞ്ഞെടുക്കാനിരിക്കേയാണ് അറസ്റ്റുണ്ടായത്. എർദോഗൻ ഭരണകൂടം രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് അറസ്റ്റെന്ന് ആരോപണമുണ്ട്. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കം നൂറോളം പേർ വേറെയും അറസ്റ്റിലായിട്ടുണ്ട്.
ഇസ്താംബൂളിലെ യൂണിവേഴ്സിറ്റികളിലടക്കം പ്രതിഷേധപ്രകടനങ്ങളുണ്ടായി. തെരുവുകളിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. സമീപ വർഷങ്ങളിൽ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്.
ഇസ്താംബൂൾ പ്രവിശ്യയിൽ നാലു ദിവസത്തേക്കു ജനം സംഘടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, വരുംദിവസങ്ങളിൽ കൂടുതൽ പ്രകടനങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.