ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണം
Friday, March 21, 2025 11:37 PM IST
കയ്റോ: ഗാസയിലെ ഹമാസ് ഭീകരർ ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ റോക്കറ്റാക്രമണം നടത്തി. മൂന്നു റോക്കറ്റുകളാണു തൊടുത്തത്.
ഒരെണ്ണം വെടിവച്ചിട്ടതായി ഇസ്രയേൽ അറിയിച്ചു. രണ്ടെണ്ണം ആളില്ലാപ്രദേശത്താണു പതിച്ചത്. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിൽ ആക്രമണം പുനരാരംഭിച്ചശേഷം ഹമാസ് ഭീകരർ നടത്തുന്ന ആദ്യ ആക്രമണമാണിത്.
ഗാസയിലെ കരയാക്രമണം ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫയിലേക്കും വ്യാപിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
ഇതിനിടെ, ബന്ദിമോചനത്തിനു ഹമാസിനുമേൽ സമ്മർദം ചെലുത്താനായി ആക്രമണം ശക്തമാക്കിയതായി ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.