ഹൂതി നേതാക്കളുടെ ഒളിത്താവളത്തിൽ യുഎസ് ആക്രമണം
Thursday, March 20, 2025 12:37 AM IST
സനാ: യെമനിലെ ഹൂതി വിമതർക്കു നേരേ അമേരിക്ക ആക്രമണം തുടരുന്നു. ഹൂതി നേതാക്കളുടെ ഒളിത്താവളം സ്ഥിതിചെയ്യുന്ന സാദാ ജില്ലയിൽ പത്ത് ആക്രമണങ്ങൾ ചൊവ്വാഴ്ച രാത്രിയുണ്ടായി.
ഹൂതികളുടെ പ്രധാന പരിശീലന കേന്ദ്രവും ആയുധസംഭരണശാലയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ചെങ്കടൽ തുറമുഖമായ ഹുദെയ്ദയിലും അമേരിക്കൻ സേന ആക്രമണങ്ങൾ നടത്തി.
ഹൂതികൾ തിരിച്ചടിക്കു മുതിർന്നാൽ ഇറാനായിരിക്കും ഉത്തരവാദിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഹൂതികൾ ആക്രമണം നടത്തിയാൽ ഇറാൻ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
ഗാസയിലെ സൈനിക നടപടിയുടെ പേരിൽ ഇസ്രയേലിനെതിരേ വരും ദിവസങ്ങളിൽ ആക്രമണം ഉണ്ടാകുമെന്ന് ഹൂതികൾ മുന്നറിയിപ്പു നല്കി. ഇസ്രേലി വ്യോമതാവളത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടെങ്കിലും ഇതിനു തെളിവു നല്കിയില്ല.