5.3 ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നീക്കവുമായി ട്രംപ്
Sunday, March 23, 2025 12:23 AM IST
വാഷിംഗ്ടൺ ഡിസി: ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്നുള്ള 5,30,000 കുടിയേറ്റക്കാരുടെ താത്കാലിക നിയമ പരിരക്ഷ റദ്ദാക്കാൻ പോകുന്നതായി യുഎസിലെ ട്രംപ് ഭരണകൂടം അറിയിച്ചു.
അമേരിക്കയിൽ തങ്ങാൻ ഇവർക്കുള്ള അനുമതി ഏപ്രിൽ 24ന് റദ്ദാക്കുമെന്നും അതിനു മുന്പായി രാജ്യം വിടണമെന്നും സർക്കാരിന്റെ നോട്ടീസിൽ പറയുന്നു.
ട്രംപിന്റെ മുൻഗാമി ജോ ബൈഡൻ കൊണ്ടുവന്ന സിഎച്ച്എൻവി (ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല ഹ്യൂമാനിറ്റേറിയൻ) പദ്ധതി പ്രകാരമാണ് ഇവർ അമേരിക്കയിലെത്തിയത്.
ഈ രാജ്യക്കാർക്ക് അമേരിക്കയിലുള്ളവരുടെ സ്പോൺസർഷിപ്പോടെ താത്കാലിക അഭയം നല്കുന്ന പദ്ധതിയാണിത്. അനധികൃത കുടിയേറ്റം തടയാൻ ബൈഡൻ നടപ്പാക്കിയ പദ്ധതി വൻ പരാജയമാണെന്ന് ട്രംപ് വാദിക്കുന്നു. അധികാരത്തിലേറിയ ഉടൻതന്നെ ട്രംപ് പദ്ധതി നിർത്തലാക്കിയിരുന്നു.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് അമേരിക്കയിലേക്കു കുടിയേറിയ 2,40,000 യുക്രെയ്ൻകാർക്കുള്ള നിയമപരിക്ഷ റദ്ദാക്കാനും ട്രംപ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ട്.