ചരിത്രംകുറിച്ച് സുനിതയും ക്രൂ 9 സംഘവും
Thursday, March 20, 2025 2:01 AM IST
ഫ്ലോറിഡ: കാത്തിരിപ്പിനും ആശങ്കകൾക്കുമൊടുവിൽ ഒന്‍പതു മാസത്തെ ബഹിരാകാശ വാസത്തിനുശേഷം ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ദൗത്യസംഘം ഭൂമിയിൽ മടങ്ങിയെത്തി.
നാൽവർ സംഘത്തെയും വഹിച്ചു ചൊവ്വാഴ്ച രാവിലെ 10.35ന് യാത്ര തിരിച്ച ഡ്രാഗൺ ഫ്രീഡം പേടകം 17 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഇന്നലെ പുലര്‍ച്ചെ 3.27നാണ് മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡ തീരത്തോടുചേർന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് യുഎസ് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കുശേഷം പേടകത്തെ സ്പേസ് എക്സിന്റെ "എംവി മേഗന്’ എന്ന റിക്കവറി കപ്പൽ കടലിൽനിന്നു വീണ്ടെടുത്തു.
കപ്പലിലേക്കു മാറ്റിയ പേടകം പിന്നെയും തുടർപരിശോധനകൾക്കു വിധേയമാക്കിയതിനുശേഷം 4.10ന് തുറന്നു. 4.25ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ആദ്യം നടുവിലിരുന്ന നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെയാണു പുറത്തിറക്കിയത്. ഇതിനുശേഷമാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. നാലാമതായി ബുച്ച് വിൽമറിനെയും പുറത്തേക്കു മാറ്റി.
നാലുപേരും കൈകൾ വീശിയും ചിരിച്ചുകൊണ്ടുമാണ് പുറത്തിറങ്ങിയത്. നിറഞ്ഞ കൈയടികളോടെയാണു യാത്രികരെ ചുറ്റും കൂടിനിന്നവർ സ്വീകരിച്ചത്. തുടർന്ന് ഇവരെ പ്രത്യേക സ്ട്രച്ചറില്‍ ആരോഗ്യ പരിശോധനകള്‍ക്കായി കൊണ്ടുപോയി. ഇതിനുശേഷം സംഘത്തെ ഹെലികോപ്റ്ററിൽ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണു കൊണ്ടുപോയത്.
ലോ ഗ്രാവിറ്റിയിൽനിന്നു വരുന്ന യാത്രികർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. അതിനാൽ കുറച്ചുദിവസം സംഘം ഹൂസ്റ്റണിലെ നാസ കേന്ദ്രത്തിലായിരിക്കും തങ്ങുക. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാസ അറിയിച്ചു.
ഒന്‍പത് മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞതിന്റെ യാതൊരു ക്ഷീണവും ആയാസവും സുനിത വില്യംസിന്റെയും ബുച്ച് വില്‍മറിന്റെയും മുഖത്തോ ശരീരഭാഷയിലോ കാണാനായില്ല.
ആറു മാസം നിലയത്തിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും സമാനമായി ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഹൂസ്റ്റണിലെ ജോണ്സണ് ബഹിരാകാശ കേന്ദ്രത്തില്‍ വന്നിറങ്ങിയത്.
286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷമാണ് സുനിതയും ബുച്ച് വിൽമറും ഭൂമിയില്‍ മടങ്ങിയെത്തുന്നത്. 2024 ജൂണ്‍ അഞ്ചിനാണ് ഇരുവരും ബോയിംഗ് വിമാനക്കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്കു പോയത്.
എട്ടുദിവസത്തെ പരീക്ഷണ-നിരീക്ഷണങ്ങൾക്കുശേഷം ഇതേ പേടകത്തിൽ മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർമൂലം അതിൽ മടക്കയാത്ര നടന്നില്ല. സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറുമാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്. ഒടുവിൽ സാങ്കേതികതകരാർ പരിഹരിച്ച് സ്റ്റാർലൈനർ പേടകം തനിയെ ഭൂമിയിലെത്തിയിരുന്നു.
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് നാസ യാത്രികരുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ദൗത്യസംഘത്തെ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം ഞായറാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്.
അതേസമയം, ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിറവേറ്റിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സ്പേസ് എക്സ്, നാസ, എലോണ്‍ മസ്ക് എന്നിവയ്ക്ക് നന്ദി പറയുന്നതായും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.