പലസ്തീൻ അനുകൂല പ്രക്ഷോഭം: അമേരിക്ക വീസ റദ്ദാക്കി; ഇന്ത്യൻ വിദ്യാർഥിനി നാട്ടിലേക്കു മടങ്ങി
Saturday, March 15, 2025 11:51 PM IST
വാഷിംഗ്ടൺ: പലസ്തീന് അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അമേരിക്ക വീസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്കു മടങ്ങി. കൊളംബിയ സര്‍വകലാശാലയ്ക്കു കീഴിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് സ്വമേധയാ നാട്ടിലേക്കു മടങ്ങിയത്.
വിദ്യാര്‍ഥിനി നാട്ടിലേക്കു മടങ്ങുന്ന വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ക്രിസ്റ്റി നോയിം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. തീവ്രവാദത്തെയും അക്രമത്തെയും ന്യായീകരിക്കുന്നത് ഈ രാജ്യത്ത് അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ക്കൊപ്പം ക്രിസ്റ്റി നോയിം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഹമാസ് അനുകൂലികൾക്ക് സ്വയം അമേരിക്ക വിട്ടുപോകാമെന്നും അല്ലെങ്കിൽ അമേരിക്കൻ സൈനിക വിമാനത്തിലെ പ്രോട്ടോകോൾ പ്രകാരം നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിനെ പിന്തുണച്ച് പലസ്തീന് അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചിന് രഞ്ജനി ശ്രീനിവാസന്റെ വിദ്യാർഥിവീസ അമേരിക്ക റദ്ദാക്കിയത്. ഇതിനുപിന്നാലെയാണ് അധികൃതര്‍ നാടുകടത്തുന്നതിന് മുന്‍പേ സ്വമേധയാ നാട്ടിലേക്കു മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിനി നാട്ടിലേക്കു മടങ്ങിയത്.
അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്‍ഡ് ടെക്നോളജിയില്‍നിന്ന് ബിരുദവും ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് രഞ്ജനി ഗവേഷണത്തിനായി കൊളംബിയ സര്‍വകലാശാലയിലെത്തിയത്.
പലസ്തീന് അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് കൊളംബിയ സര്‍വകലാശാലയിലെ മറ്റുചില വിദ്യാര്‍ഥികള്‍ക്കെതിരേയും നേരത്തേ നടപടിയെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കൊളംബിയ സര്‍വകലാശാല കാന്പസില് നടന്ന പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയതിന് മഹ്മൗദ് ഖലീല്‍ എന്ന പൂര്‍വവിദ്യാര്‍ഥി യുഎസില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഗ്രീന്‍ കാര്‍ഡും അധികൃതര്‍ റദ്ദാക്കി. ലെഖ കോര്‍ഡിയ എന്ന വിദ്യാര്‍ഥിനിയും പലസ്തീന് അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റിലായിരുന്നു.
41 രാജ്യങ്ങളിലെ പൗരന്മാർക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ്; പട്ടികയില്‍ പാക്കിസ്ഥാനും
വാഷിംഗ്ടണ്‍: സുരക്ഷ മുന്‍നിര്‍ത്തി 41 രാജ്യങ്ങിലെ പൗരന്മാര്ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക.
പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്താന്‍ പോകുന്ന യാത്രാവിലക്ക് യുഎസില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കും.
യുഎസിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തു രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രാവിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാന്, ക്യൂബ, ഇറാന്, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാന്, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളാണു റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് വീസ നല്‍കുന്നത് യുഎസ് പൂര്‍ണമായും നിര്‍ത്തലാക്കും.
ഓറഞ്ച് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട അഞ്ചു രാജ്യങ്ങളിലെ പൗരന്മാര്ക്ക് യുഎസിലേക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. എരിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്മര്, ദക്ഷിണ സുഡാന് എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുക.
ഈ രാജ്യങ്ങളില്‍നിന്നുള്ള ബിസിനസുകാര്‍ക്ക് യുഎസ് വീസ അനുവദിക്കും. എന്നാല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും.