യുദ്ധം തീർക്കുംമുമ്പ് തീർത്തടിച്ച്
Wednesday, March 12, 2025 12:58 AM IST
മോസ്കോ: റഷ്യക്കുനേരേ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം. ഒറ്റരാത്രി റഷ്യയുടെ 10 മേഖലകളിലായി യുക്രെയ്ന്റെ നൂറുകണക്കിന് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. 337 ഡ്രോണുകൾ തകർത്തതായി റഷ്യൻ വ്യോമപ്രതിരോധ വിഭാഗം അറിയിച്ചു.
ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. യുക്രെയ്ൻ-യുഎസ് ചർച്ച ആരംഭിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പായിരുന്നു ആക്രമണം.
നേരത്തേ യുക്രെയ്ൻ പ്രസിഡന്റ് വോളൊദിമിർ സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിനു പിന്നാലെ സെലൻസ്കി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണം സംബന്ധിച്ച് യുക്രെയ്ന്റെ ഭാഗത്തുനിന്നു പ്രതികരണം ഉണ്ടായിട്ടില്ല.
യുക്രെയ്ന്റെ അതിർത്തി പ്രദേശമായ കുർസ്കിൽ 126 ഡ്രോണുകളാണ് റഷ്യ വെടിവച്ചിട്ടത്.മോസ്കോയിൽ യുക്രെയ്ന്റെ 91 ഡ്രോണുകളും വീഴ്ത്തിയതായി റഷ്യൻ വ്യോമ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് വർഷത്തിനിടെ യുക്രെയ്ന്റെ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണുണ്ടായത്. ബെൽഗൊറോഡ്, ബ്രയാൻസ്ക്, വൊറോനെഷ് എന്നിവിടങ്ങളിലും റഷ്യയുടെ ഉൾപ്രദേശങ്ങളായ കലുഗ, ലിപെറ്റ്സ്ക്, നിസ്നി നോവ്ഗൊറോഡ്, ഓറിയോൾ, റിയാസാൻ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.