സൗദിയിൽ യുക്രെയ്ൻ-യുഎസ് ചർച്ച
Tuesday, March 11, 2025 12:50 AM IST
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുക്രെയ്ൻ നേതൃത്വം അമേരിക്കൻ പ്രതിനിധികളുമായി ഇന്ന് സൗദിയിൽ ചർച്ച നടത്തും. ചർച്ചയിൽ നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സൗദിയിലെത്തിയിട്ടുണ്ട്.
സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ തെറ്റിപ്പിരിഞ്ഞശേഷം യുക്രെയ്നും അമേരിക്കയും തമ്മിൽ നടത്തുന്ന ആദ്യചർച്ചയാണിത്. യുക്രെയ്ന്റെ പ്രകൃതിവിഭവങ്ങൾ അമേരിക്കയുമായി പങ്കുവയ്ക്കാനുള്ള കരാറും ചർച്ചാവിഷമാണ്.
പ്രതിരോധ, വിദേശകാര്യ മന്ത്രിമാരും ഉന്നത സൈനികോദ്യോഗസ്ഥരുമാണു യുക്രെയ്ൻ പ്രതിനിധിസംഘത്തിലുള്ളത്.
റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുവേണമെന്ന ആവശ്യം ഉപേക്ഷിക്കാൻ യുക്രെയ്ൻ തയാറാകുമോയെന്ന് അറിയുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു. വിട്ടുവീഴ്ചകളില്ലാതെ സമാധാനം സാധ്യമാകില്ലെന്ന് ഇവർ പറഞ്ഞു.
ഫലവത്തായ ചർച്ചയ്ക്ക് യുക്രെയ്ൻ തയാറാണെന്നാണു സെലൻസ്കി ഇന്നലെ അറിയിച്ചത്. സൗദിയിൽ അദ്ദേഹം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും.
നേരത്തേ റഷ്യൻ, അമേരിക്കൻ പ്രതിനിധികൾ സൗദിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.