അലാവികൾ കീഴടങ്ങണമെന്ന് സിറിയൻ പ്രസിഡന്റ്
Tuesday, March 11, 2025 12:50 AM IST
ഡമാസ്കസ്: സിറിയയിലെ അലാവി ന്യൂനപക്ഷ സമുദായത്തിനു നേർക്കുള്ള അക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയമിച്ചതായി ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷാര അറിയിച്ചു.
ഇതിനിടെ, സർക്കാർ സേനയും അവരെ പിന്തുണയ്ക്കുന്ന സായുധസംഘടനകളും ഞായറാഴ്ചയും അലാവികളുടെ ശക്തികേന്ദ്രമായ ടാർട്ടർ, ലഡാകിയ പ്രദേശങ്ങളിൽ സൈനിക നടപടി തുടർന്നു.
പലായനം ചെയ്ത മുൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പിന്തുണയ്ക്കുന്ന അലാവി പോരാളികൾ കീഴടങ്ങണമെന്ന് അൽ ഷാര ആവശ്യപ്പെട്ടു. സിറിയ വീണ്ടും ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അസാദിന്റെ കാലത്ത് സേനയിലുണ്ടായിരുന്നവർ ഇപ്പോഴത്തെ സർക്കാർ സേനയെ ആക്രമിച്ചതാണ് തുടക്കം.
സർക്കാർ സേനയെ പിന്തുണയ്ക്കാൻ രംഗത്തിറക്കിയ സായുധ ഗ്രൂപ്പുകൾ അലാവി സമുദായക്കാരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിലായി 750 പേർ കൊല്ലപ്പെട്ടു.
അലാവികൾ അയൽരാജ്യമായ ലബനനിലേക്ക് പലായനം തുടങ്ങി. അലാവികൾക്കെതിരേ അതിക്രമം ചെയ്തവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് പ്രസിഡന്റ് അഹമ്മദ് അൽഷാര പറഞ്ഞത്.