ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
Tuesday, March 11, 2025 2:51 AM IST
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി വത്തിക്കാൻ. മാർപാപ്പ കഴിഞ്ഞദിവസം രാത്രിയിലും നന്നായി ഉറങ്ങി.
ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ഞായറാഴ്ച രാവിലെ ആശുപത്രി മുറിയിലെ ചാപ്പലിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത മാർപാപ്പ തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ ആർച്ച്ബിഷപ് എഡ്ഗാർ പെന പാരായുമായും കൂടിക്കാഴ്ച നടത്തി.
വത്തിക്കാനിലെ കൂരിയ അംഗങ്ങൾക്കായി പോൾ ആറാമൻ ഹാളിൽ ആരംഭിച്ച ധ്യാനപ്രസംഗം ഞായറാഴ്ച വൈകുന്നേരം വീഡിയോ ലിങ്ക് വഴി മാർപാപ്പ ശ്രവിച്ചു. കപ്പൂച്ചിൻ സന്യാസസഭാ വൈദികനായ ഫാ.റോബർട്ടോ പസോളിനിയാണ് വത്തിക്കാൻ കൂരിയ അംഗങ്ങൾക്കായുള്ള നോന്പുകാല ധ്യാനം നയിക്കുന്നത്.