മാർപാപ്പയ്ക്കു വീണ്ടും ശ്വാസതടസം
Wednesday, March 5, 2025 2:51 AM IST
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ വീണ്ടും വ്യതിയാനം.
തിങ്കളാഴ്ച പകൽ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വഷളായി. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും നിലവിൽ മാർപാപ്പയ്ക്കു കൃത്രിമ ശ്വാസം നൽകിവരികയാണെന്നും എങ്കിലും ഗുരുതരാവസ്ഥ ഇല്ലെന്നും വത്തിക്കാന് വ്യക്തമാക്കി. അതേസമയം, ഇന്നലെ രാവിലെ വത്തിക്കാൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞത് മാർപാപ്പ നന്നായി ഉറങ്ങിയെന്നും അസ്വസ്ഥത മാറിയെന്നുമാണ്.