സെർബിയൻ പാർലമെന്റിൽ പ്രതിഷേധ തീ; മൂന്ന് എംപിമാർക്ക് പരിക്ക്
Wednesday, March 5, 2025 2:09 AM IST
ബെൽഗ്രേഡ്: സെർബിയൻ പാർലമെന്റിലുണ്ടായ കൈയാങ്കളിയിൽ മൂന്ന് പാർലമെന്റംഗങ്ങൾക്കു പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ധനസഹായം വർധിപ്പിക്കുന്നതിനുള്ള നിയമം പാസാക്കുന്നതിനുള്ള വോട്ടെടുപ്പിനിടെയായിരുന്നു അക്രമ സംഭവങ്ങൾ.
ഭരണപക്ഷം മറ്റ് നിയമങ്ങളും ഇതിനിടെ പാസാക്കിയെടുക്കാൻ പദ്ധതിയിടുന്നതായി പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി മിലോസ് വുസേവിച്ചിന്റെയും സർക്കാരിന്റെയും രാജി പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണു സംഘർഷമുണ്ടായത്.
പാർലമെന്റ് സമ്മേളനം ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് ബഹളം തുടങ്ങുന്നത്. പ്രതിപക്ഷ അംഗങ്ങൾ ‘സെർബിയ ഉണർന്നു, ഭരണകൂടം വീഴും!’ എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു ബഹളം തുടങ്ങിയത്. ഈ സമയം നൂറുകണക്കിന് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പാർലമെന്റിനു പുറത്ത് തടിച്ചുകൂടിയിരുന്നു. ബഹളം തുടങ്ങിയതോടെ ഭരണപ്രതിപക്ഷാംഗങ്ങൾ ഏറ്റുമുട്ടി. പരസ്പരം കണ്ണീർവാതക ഷെല്ലുകളും പുകബോംബുകളും എറിഞ്ഞു.
അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതിപക്ഷത്തെ ഭീകരസംഘമെന്നാണ് സ്പീക്കർ അന ബ്രനാബിക് വിശേഷിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അവർ പറഞ്ഞു.സെർബിയയിലും വിദ്യാർഥി പ്രക്ഷോഭം സർക്കാരിനെ ഉലയ്ക്കുകയാണ്. വലതുപക്ഷ ഭരണകൂടത്തിനെതിരേ അഴിമതിവിരുദ്ധ പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിലാണ്.
നോവി സാദ് റെയില്‍വേ സ്റ്റേഷനിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകർന്നുവീണ് 15 പേർ മരിച്ച സംഭവമാണ് സെർബിയൻ ഭരണകൂടത്തിനെതിരായ, അഴിമതിക്കെതിരായ വലിയ സമരമായി പിന്നീട് മാറിയത്. പ്രതിഷേധത്തെത്തുടർന്ന് ജനുവരിയിൽ വുസെവിച് രാജിവച്ചു. എന്നാൽ ഇത് പ്രാബല്യത്തിൽ വരണമെങ്കിൽ പ്രധാനമന്ത്രിയുടെ രാജി പാർലമെന്റ് അംഗീകരിക്കണം.
പുറത്തുപോകുന്ന സർക്കാരിനു പുതിയ നിയമങ്ങൾ പാസാക്കാൻ അധികാരമില്ലെന്നു പ്രതിപക്ഷ പാർട്ടികൾ പറയുന്നു. വിദ്യാർഥികൾ ആവശ്യപ്പെടുന്ന വിദ്യാഭ്യാസ ബിൽ പാസാക്കുന്നതിനെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തയാറാണ്.
എന്നാൽ നിയമസഭാ അജൻഡയിലെ മറ്റ് തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും ഇടതുപക്ഷ എംപി റഡോമിർ ലാസോവിച്ച് പറഞ്ഞു. സർക്കാരിന്റെ രാജിയെക്കുറിച്ച് മാത്രമേ ചർച്ച ചെയ്യാൻ അനുവദിക്കൂവെന്ന് ലാസോവിച്ച് പറഞ്ഞു.