മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി
Wednesday, February 26, 2025 1:25 AM IST
വത്തിക്കാന്‍: റോമിലെ ജെമെല്ലി ആശുപത്രിയിൽ 12 ദിവസമായി ചികിത്സയിൽ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാൻ.
ഇന്നലെയും നന്നായുറങ്ങി. ആസ്ത്മ പോലുള്ള ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞു. ചില പരിശോധനാഫലങ്ങൾ തൃപ്തികരമാണ്.
വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നൽകുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ഗാസയിലെ ഹോളിഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയെ മാർപാപ്പ ഫോണില്‍ വിളിച്ചു സംസാരിച്ചുവെന്നും തന്റെ പിതൃസാമീപ്യം അറിയിക്കുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു.
തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്ര പരോളിനുമായും വത്തിക്കാൻ ചീഫ് ഓഫ് സ്റ്റാഫ് ആർച്ച്ബിഷപ് എഡ്ഗാർ പെനാ പരായുമായും ചർച്ച നടത്തിയ മാർപാപ്പ രണ്ട് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനും അഞ്ചുപേരെ ദൈവദാസന്മാരായി പ്രഖ്യാപിക്കുന്നതിനുമുള്ള ഡിക്രിയിൽ ഒപ്പുവച്ചു.