വാഷിംഗ്ടണിൽ ട്രംപ്-മക്രോൺ കൂടിക്കാഴ്ച
Wednesday, February 26, 2025 12:33 AM IST
വാഷിംഗ്ടൺ: യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചയിൽ യുക്രെയ്ന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വ്യക്തമായ ഉറപ്പ് വേണമെന്നു ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ.
വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മക്രോൺ ഈ ആവശ്യം ഉന്നയിച്ചത്.
റഷ്യ ആക്രമണകാരിയാണെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ സമാധാനം ലംഘിച്ചുവെന്നും മക്രോൺ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിഘട്ടത്തിൽ യുക്രെയ്നൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയും അമേരിക്ക റഷ്യയുമായി ചേർന്നാലുള്ള ഭവിഷ്യത്തും അമേരിക്ക-യൂറോപ്പ് അച്ചുതണ്ടിന്റെ പ്രസക്തിയും ട്രംപിനെ മക്രോൺ ധരിപ്പിച്ചു.
ആദ്യമായി വെടിനിർത്തലാണ് ഉണ്ടാകേണ്ടതെന്നും തുടർന്ന് സുരക്ഷാ ഉറപ്പുകൾ ഉൾപ്പെടുന്ന സമാധാനധാരണയിൽ എത്തിച്ചേരണമെന്നും മക്രോൺ പറഞ്ഞു.
യുക്രെയ്നും റഷ്യയും തമ്മിൽ എത്രയും വേഗം വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമത്തിലാണെന്നും വെടിനിർത്തൽ ധാരണയിലെത്തിയാൽ പുടിനെ കാണാൻ താൻ മോസ്കോയിലേക്കു പോകുമെന്നും ട്രംപ് പറഞ്ഞു.
സമാധാന കരാറിലെത്തിയാൽ യുക്രെയ്നിൽ യൂറോപ്യൻ സമാധാനസേനയെ വിന്യസിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു. സമാധാനസേന മുൻനിരയിൽ വരില്ല. അവർ ഒരു സംഘട്ടനത്തിന്റെയും ഭാഗമാകില്ല. സമാധാനം ഉറപ്പാക്കുകയെന്നതായിരിക്കും അവരുടെ ആത്യന്തികദൗത്യമെന്നും മക്രോൺ പറഞ്ഞു.
യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ ഉടനുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മക്രോൺ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വിവാദമായിരിക്കെയാണ് അടിയന്തരമായി മക്രോൺ വാഷിംഗ്ടണിലെത്തിയത്. കൂടിക്കാഴ്ചയിൽ ചില വിഷയങ്ങളിൽ മക്രോണിനോടു യോജിക്കാൻ ട്രംപ് തയാറായില്ല. അതേസമയം, ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും നാളെ വാഷിംഗ്ടണിലെത്തുന്നുണ്ട്.